4ജി ടെലികോം വീട്ടിലെത്തിക്കാന്‍ റിലയന്‍സ്
ഡിടിഎച്ച് മാതൃകയില്‍, 4ജി ടെലികോം സേവനം വീടുകളിലും ഓഫിസുകളിലുമെത്തിക്കുന്ന ഉപകരണവുമായി റിലയന്‍സ് ജിയോ. കെട്ടിടത്തിനുപുറത്ത് പിടിപ്പിക്കുന്ന ചെറിയ 4ജി എല്‍ടിഇ മോഡമാണ് 'ജിയോ ലിങ്ക്'. 4ജി സിഗ്‌നല്‍ സ്വീകരിക്കാനും കൂടുതല്‍ ശക്തിപ്പെടുത്താനും ശേഷിയുള്ള ഇതില്‍നിന്ന് കേബിള്‍ വഴി സിഗ്‌നല്‍ വീടിനുള്ളിലെത്തിക്കും. കേബിള്‍ ഏതെങ്കിലും വൈഫൈ റൂട്ടറില്‍ ഘടിപ്പിച്ചാല്‍ വീടു മുഴുവന്‍ വൈഫൈ ആകും. കേബിള്‍ നേരിട്ട് കംപ്യൂട്ടറിലോ സ്മാര്‍ട് ടിവിയിലോ ഘടിപ്പിക്കുകയും ചെയ്യാം.
4ജി മൊബൈല്‍ സേവനത്തിനു പുറമെ, കേബിള്‍ വഴി വീടുകളിലെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കാനാണു റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നത്. വീടുകളിലേക്കു കേബിള്‍ എത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള പ്രദേശങ്ങളില്‍ ജിയോ ലിങ്ക് വഴി ഡിടിഎച്ച് മാതൃകയില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് അടക്കം എത്തിക്കുന്ന പദ്ധതി കേരളത്തില്‍ കോട്ടയം, തിരുവല്ല, ആലപ്പുഴ, പാലക്കാട് പട്ടണങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കും.
രാജ്യത്താകെ മുന്നൂറോളം പട്ടണങ്ങളിലാണ് 90 ദിവസം പൂര്‍ണ സൗജന്യ ഇന്റര്‍നെറ്റ് (ഡേറ്റ) നല്‍കുന്ന പ്രിവ്യൂ ഓഫര്‍ സഹിതം ജിയോ ലിങ്ക് അവതരിപ്പിക്കുന്നത്. ടെലികോം സേവനങ്ങള്‍ക്കും ഇന്റര്‍നെറ്റിനും പുറമെ ജിയോയുടെ ലൈവ് ടിവി, സിനിമ, ടിവി ഷോ, വാലറ്റ്, ചാറ്റ് തുടങ്ങിയ സേവനങ്ങളും വരിക്കാര്‍ക്കു ലഭിക്കും. ഒരേസമയം 10 ഉപകരണങ്ങള്‍ വരെ വൈഫൈ വഴി കണക്ട് ചെയ്യാമെന്നതിനാല്‍ ചെറുകിട ഓഫിസുകളിലും കമ്പനി വ്യാപകമായി ജിയോ ലിങ്ക് പ്രചരിപ്പിക്കുന്നുണ്ട്.
ഉപകരണം സ്ഥാപിക്കാന്‍ ഉപയോക്താവ് 2500 രൂപയോളമാണു ആദ്യം നല്‍കേണ്ടത്. വീടുകളിലേക്ക് കേബിള്‍ വഴി ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതി കേരളത്തില്‍ ആദ്യം കൊച്ചിയിലാവും നടപ്പാക്കുക. റിലയന്‍സ് 4ജി മൊബൈല്‍ സേവനം ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും രാജ്യവ്യാപകമായി പ്രിവ്യൂ ഓഫറിലൂടെ ഉപയോക്താക്കളിലെത്തിയിട്ടുണ്ട്. പരിധിയില്ലാത്ത കോള്‍, ഡേറ്റ സേവനം നല്‍കുന്ന ഓഫര്‍ ജിയോയുടെ പ്രവര്‍ത്തന ഉദ്ഘാടനം വരെ തുടരുമെന്നാണു സൂചന.
https://www.facebook.com/Malayalivartha