മൊബൈല്‍ മാത്രമല്ല മൊബൈല്‍ സ്വകാര്യതയും സംരക്ഷിക്കും ഈ സ്‌ക്രീന്‍ ഗാര്‍ഡ്
തികച്ചും സ്വകാര്യമായ മൊബൈല്‍ ഫോണിലേക്ക് മറ്റുള്ളവര്‍ ഒളിഞ്ഞുനോക്കുന്നുണ്ടോ. മറ്റാരും കാണരുത് എന്ന് കരുതുന്ന കാഴ്ചകള്‍ മറച്ചുവയ്ക്കാനാവാതെ നിങ്ങള്‍ വിഷമിക്കുകയാണോ. എങ്ങനെ മറച്ചുവയ്ക്കും എന്നാലോചിച്ച് ബുദ്ധിമുട്ടേണ്ട. ലളിതമായ പരിഹാരമുണ്ട്. മൊബൈലിലെ കാഴ്ചകള്‍ നിങ്ങള്‍ക്ക് മാത്രമായി കാണാനാവും.
കുര്‍ദ്ദ് യുവാവാണ് സ്വകാര്യത സംരക്ഷിക്കുന്ന ലളിത ഉപകരണവുമായി രംഗത്തെത്തിയത്. സംഭവം ലളിതം, മൊബൈലില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കുക. മൊബൈലില്‍ എന്ത് സംഭവിച്ചാലും നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കാണാനാവില്ല. അതിന് നിങ്ങള്‍ ഒരു കണ്ണട കൂടി വച്ചാല്‍ മതി.
ഐഫോണ്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പ്രത്യേക കാഴ്ച കവചമൊരുക്കുന്നത്. ഐഫോണില്‍ ഈ സ്‌ക്രീനൊട്ടിച്ചാല്‍ പിന്നെയാര്‍ക്കും ഡിസ്‌പ്ലേയിലെ കാര്യങ്ങള്‍ കാണാനാകില്ല. ഡിസ്‌പ്ലേയിലെ കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ പ്രത്യേകമായി ഒരുക്കിയ കണ്ണട ഉപയോഗിക്കണം. എങ്കില്‍ മാത്രമേ മൊബൈലില്‍ സംഭവിക്കുന്നത് എന്തെന്ന് അറിയാനാവൂ.
തുര്‍ക്കിയിലെ മൊബൈല്‍ ടെക്‌നീഷ്യനായ സെലാല്‍ ഗോഗെര്‍ ആണ് പ്രത്യേക സ്‌ക്രീന്‍ ഗാര്‍ഡും കണ്ണടയും രൂപകല്‍പ്പന ചെയ്തത്. പ്രത്യേക തരം ചിപ് ഉപയോഗിച്ചാണ് കണ്ണടയുടെയും സ്‌ക്രീന്‍ ഗാര്‍ഡിന്റെയും പ്രവര്‍ത്തനം. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് സെലാല്‍ ഗോഗെര്‍ പറയുന്നു. നാനോ ടെക്‌നോളജിയുടെ സഹായത്തോടെ ഇതിനെ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കാനാണ് സെലാലിന്റെ ശ്രമം.
ആറ് മാസത്തെ ശ്രമത്തിന് ഒടുവിലാണ് സെലാല്‍ ഗോഗെര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇതിന്റെ രണ്ടാം പതിപ്പിന് നാല് മാസം സമയമെടുത്തു. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് രണ്ട് മാസമെടുത്ത് പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഒരെണ്ണം നിര്‍മ്മിക്കാനെടുക്കുന്ന സമയം 10 ദിവസം മാത്രമാണ്. എല്ലാത്തരം സണ്‍ ഗ്ലാസുകളിലും ചിപ് ഘടിപ്പിക്കാനാണ് പരീക്ഷണം തുടരുന്നതെന്നും സെലാല്‍ ഗോഗെര്‍ പറയുന്നു.
പരീക്ഷണങ്ങളില്‍ വിജയിച്ചാല്‍ മൊബൈല്‍ ഫോണ്‍ സ്വകാര്യത എന്നത് കൂടുതല്‍ അര്‍ത്ഥവത്താകും. കേവലം പത്ത് ഡോളര്‍ വരെയാകും ആദ്യഘട്ടത്തില്‍ ചെലവ് വരിക. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കാനായാല്‍ ഇതിലും കുറഞ്ഞ വിലയില്‍ മൊബൈല്‍ ഫോണ്‍ സ്വകാര്യത സ്വന്തമാക്കാനാവുമെന്നും സെലാല്‍ കരുതുന്നു.
https://www.facebook.com/Malayalivartha