9.88 മില്ലിമീറ്ററില്‍ 'ലോകത്തെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ്പ്' - ഏസര്‍ സ്വിഫ്റ്റ് 7
ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച അവസാനം വില്‍പ്പനയ്‌ക്കെത്തിയ ഏസര്‍ സ്വിഫ്റ്റ് 7 ലാപ്‌ടോപ്പിന് 99,999 രൂപയാണ് വില. ഈ വര്‍ഷമാദ്യം ജര്‍മനിയില്‍ നടന്ന ഐ.എഫ്.എ. രാജ്യാന്തര ഇലക്ട്രോണിക്‌സ് പ്രദര്‍ശനവേദിയില്‍ ഏസര്‍ അവതരിപ്പിച്ച ലാപ്‌ടോപ്പ് മോഡലായിരുന്നു ഇത്. 'ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്‌ടോപ്പ്' എന്ന അവകാശവാദത്തോടെയായിരുന്നു സ്വിഫ്റ്റ് 7ന്റെ പുറത്തിറക്കല്‍ ചടങ്ങ് നടന്നത്.
ഒരു സെന്റിമീറ്ററില്‍ കുറവ്-കൃത്യമായി പറഞ്ഞാല്‍ 9.88 മില്ലിമീറ്റാണ് സ്വിഫ്റ്റ് 7ന്റെ കനം. ഇപ്പോള്‍ സ്വിഫ്റ്റ് 7 ഇന്ത്യയിലുമെത്തുകയാണ്. കഴിഞ്ഞയാഴ്ച അവസാനം മുതല്‍ രാജ്യത്തെ ഏസര്‍ എക്‌സ്‌ക്ലുസീവ് ഷോറൂമുകളിലും മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും സാധനം വില്പനയ്‌ക്കെത്തി.
99,999 രൂപയ്ക്കാണ് സ്വിഫ്റ്റ് 7 ഇന്ത്യയില്‍ വില്‍ക്കുന്നത്. 1080X1920 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 13.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീനാണ് സ്വിഫ്റ്റ് 7നുളളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗ്ലാസ് 5 കൊണ്ട് നിര്‍മിച്ച ഡിസ്‌പ്ലേയാണിത്.
1.1 കിലോഗ്രാം മാത്രം തൂക്കമുള്ള ഈ ലാപ്‌ടോപ്പ് കൊണ്ടുനടക്കാന്‍ സൗകര്യപ്രദമാണ്. പൂര്‍ണമായും അലൂമിനിയം ചട്ടക്കൂട് കൊണ്ട് നിര്‍മിച്ച സ്വിഫ്റ്റ് 7 കാണാനും സുന്ദരന്‍ തന്നെ. ഇന്റലിന്റെ ഏഴാം തലമുറയില്‍പെട്ട കോര്‍ ഐ5 പ്രൊസസറാണ് ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്. 1.2 ഗിഗാഹെര്‍ട്‌സാണ് പ്രൊസസര്‍ വേഗം. 4 ജിബി റാമിന്റെയും 8 ജിബി റാമിന്റെയും രണ്ട് വേരിയന്റുകള്‍ സ്വിഫ്റ്റ് 7നുണ്ട്. 256 ജിബി എസ്.എസ്.ഡി. സ്റ്റോറേജ് ശേഷിയുള്ള ലാപ്‌ടോപ്പിന്റെ ബാറ്ററി തുടര്‍ച്ചയായി ഒമ്ബത് മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് ഏസര്‍ ഉറപ്പു നല്‍കുന്നു.
രണ്ട് യു.എസ്.ബി. ടൈപ്പ് സി പോര്‍ട്ടുകളും ഹെഡ്‌സെറ്റ് ജാക്കുമാണ് ലാപ്‌ടോപ്പിലുളളത്. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഏസര്‍ സ്വിഫ്റ്റ് 7 പ്രവര്‍ത്തിക്കുക. മികച്ച ശബ്ദസുഖത്തിനായി ഡോള്‍ബി ഓഡിയോ പ്രീമിയം, ഏസറിന്റെ ട്രൂഹാര്‍മണി എന്നീ സംവിധാനങ്ങള്‍ ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ ചാറ്റിങിനായി എച്ച്.ഡി. വെബ്ക്യാമുമുണ്ട്.
https://www.facebook.com/Malayalivartha