തരംഗമായി ഹീറോ ഫ്‌ളാഷ് വിപണിയില്‍
ഹീറോ വീണ്ടും ഹീറോയായി മാറുന്നു. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗമായ ഹീറോ ഇലക്ട്രിക് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയിലെത്തിച്ചു. ഫ്‌ലാഷ് എന്നു പേരിട്ട സ്‌കൂട്ടറിനെ അമ്പരിപ്പിക്കുന്ന വിലയിലാണ് ഹീറോ അവതരിപ്പിച്ചിരിക്കുന്നു. 19,990 രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂമില്‍ ഈ സ്‌കൂട്ടറിന്റെ വില.
6 മുതല്‍ 8 മണിക്കൂര്‍ വരെ നീളുന്ന ഒറ്റത്തവണത്തെ ചാര്‍ജിംഗിനുശേഷം 65കിലോമീറ്ററോളം ഓടിക്കാനുള്ള ശേഷി ഫ്‌ലാഷ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 250 വാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ സ്‌കൂട്ടറിനു കരുത്ത് പകരുന്നത്. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത.
87 കിലോഗ്രാം ഭാരം. സീറ്റിനടിയിലായി നല്‍കിയിരിക്കുന്ന സ്‌റ്റോറേജ് സ്‌പേസും സീറ്റിന്റെ പിന്‍ഭാഗത്ത് വേറിട്ടൊരു സ്‌റ്റോറേജ് ക്യാബിനും ടെലിസ്‌കോപിക് ഫോര്‍ക്കുകളും 16 ഇഞ്ച് അലോയ് വീലുകളും ഡ്രം ബ്രേക്കുകളുമൊക്കെ ഫ്‌ളാഷിന്റെ സവിശേഷതകളാണ്.
വില വളരെ തുച്ഛമാണെങ്കിലും ഒരു സാധാരണ സ്‌കൂട്ടറിനു നല്‍കാന്‍ സാധിക്കുന്ന സൗകര്യങ്ങളും ഫ്‌ലാഷിന് നല്‍കാന്‍ സാധിക്കുന്നു എന്നതാണ് ഈ സ്‌കൂട്ടറിന്റെ മേന്മയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. രണ്ട് വര്‍ഷത്തെ വാരണ്ടിയും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രോടക്റ്ററും ഫ്‌ലാഷിനെ വേറിട്ടതാക്കുന്നു. ബര്‍ഗണ്ടി, സില്‍വര്‍ എന്നീ രണ്ട് നിറങ്ങളില്‍ ഫ്‌ലാഷ് ലഭ്യമാകും.
https://www.facebook.com/Malayalivartha