പുതിയ ഐടി പാര്‍ക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കന്നു
എമേര്‍ജിങ് സാങ്കേതികവിദ്യകളിലേക്കു നയിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഐടി വ്യവസായത്തെ സര്‍ക്കാരിന്റെ മൂന്ന് ഐടി പാര്‍ക്കുകളിലും പുതിയ കെട്ടിടങ്ങള്‍ വരുന്നു. നിലവിലുള്ള ഐടി കെട്ടിടസ്ഥലം പൂര്‍ണമായും കമ്പനികള്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് അടിയന്തരമായിട്ടാണു പുതിയ കെട്ടിടങ്ങള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ടെക്‌നോപാര്‍ക്കില്‍ നിലവില്‍ മൂന്നു ഘട്ടങ്ങളിലുമായി സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ 93 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളാണുള്ളത്.
ചെറുതും വലുതുമായ 362 കമ്പനികള്‍ ഈ സ്ഥലം ഏറ്റെടുത്ത് 58,000 പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുന്നു. പാര്‍ക്കിന്റെ ഒന്നാംഘട്ടത്തില്‍ ബാക്കിയുണ്ടായിരുന്ന രണ്ടര ഏക്കര്‍ സ്ഥലം കാര്‍ണിവല്‍ ഗ്രൂപ്പിനു നല്‍കി അടിയന്തരമായി സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തില്‍ അമേരിക്കന്‍ കമ്പനിയായ ടോറസ് നിര്‍മിക്കുന്ന 10 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ രൂപകല്‍പനയും പൂര്‍ണമായി. അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി ഒരു കോടി ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നതു സംസ്ഥാന ഐടി നയത്തിന്റെ ഭാഗമാണ്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിലവില്‍ മൂന്നാംഘട്ടത്തിലെ കെട്ടിടങ്ങളിലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ ഐടി അടിസ്ഥാനമൊരുക്കാനുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐടിഐഎല്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ ടെക്‌നോപാര്‍ക്ക് ആദ്യഘട്ടത്തില്‍ ബാക്കിയുള്ള 1.83 ഏക്കര്‍ സ്ഥലത്തു നിര്‍മിക്കാനൊരുങ്ങുകയാണ്. ടെക്‌നോസിറ്റിയില്‍ രണ്ടു ലക്ഷം ചതുരശ്രയടിയുള്ള ആദ്യ കെട്ടിടത്തിന്റെ തറക്കല്ലിടലും ഉടനെ നടക്കും.
ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തില്‍ അവസാനം നിര്‍മിച്ച ജ്യോതിര്‍മയ കെട്ടിടത്തില്‍ കമ്പനികള്‍ നിറയാന്‍ തുടങ്ങുകയും ചെയ്തു. ഇവിടെ തന്നെ സ്മാര്‍ട് സിറ്റിയില്‍ വിവിധ വന്‍കിട സ്വകാര്യ ഗ്രൂപ്പുകള്‍ നിര്‍മിക്കുന്ന 64 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ പണി പുരോഗമിക്കുകയുമാണ്. സൈബര്‍ പാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ കമ്പനികളുടെ ഹബ് ആയി വളരുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ മൊബൈല്‍ ആന്‍ഡ് ഇന്റര്‍നെറ്റ് അസോസിയേഷന്‍ ആദ്യ വികസന കേന്ദ്രം സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുകയാണ്.
https://www.facebook.com/Malayalivartha