പ്ലാച്ചിമടയില്‍ കോക്ക കോളയുടെ സ്ഥലത്ത് ഇളനീര്‍
ഇളനീര്‍ സംസ്‌കരണ കയറ്റുമതി കേന്ദ്രം പ്ലാച്ചിമടയില്‍ ആരംഭിക്കാന്‍ നീക്കം. സ്ഥലം പാട്ടത്തിനെടുത്തു പദ്ധതി ആരംഭിക്കാനാണ് തീരുമാനം. അതിനായി സര്‍ക്കാരിനെ സമീപിച്ചു. സ്ഥാപനത്തിന്റെ മലയാളിയായ മാനേജ്‌മെന്റ് പ്രതിനിധി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി അനൗദ്യോഗിക ചര്‍ച്ച നടത്തി. പരിസ്ഥിതി പ്രശ്‌നങ്ങളില്ലാത്ത, പ്രദേശവാസികള്‍ക്കു ഗുണം ചെയ്യുന്ന പദ്ധതികളേ അനുവദിക്കൂ എന്നാണു സര്‍ക്കാര്‍ നിലപാട്. വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്മേല്‍ പിന്നീടു ചര്‍ച്ച നടത്താനാണു ധാരണ.
പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ 34 ഏക്കര്‍ സ്ഥലത്ത് 2002-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കോക്ക കോള, പരിസ്ഥിതി പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള സമരം മൂലം 2006-ലാണു പ്രവര്‍ത്തനം നിര്‍ത്തിയത്. ഉപകരണങ്ങള്‍ അന്നുതന്നെ പ്ലാച്ചിമടയില്‍ നിന്നു മാറ്റിയിരുന്നു. ഉല്‍പാദനം പുനരാരംഭിക്കില്ലെന്നു കമ്പനി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു. സ്ഥലം സര്‍ക്കാരിനോ മറ്റു സ്ഥാപനങ്ങള്‍ക്കോ പാട്ടത്തിനു കൊടുക്കാനും നേരത്തെ തത്വത്തില്‍ തീരുമാനിച്ചിരുന്നതായി കോക്ക കോള ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തിലാണ് ഇളനീര്‍ സംസ്‌കരണ, നാളികേര മൂല്യവര്‍ധിത ഉല്‍പന്ന പദ്ധതിയുമായി മഹാരാഷ്ട്ര കമ്പനി രംഗത്തെത്തിയത്. പാട്ടത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നാണു സൂചന. രാസഘടകം ഉപയോഗിക്കാതെ ഇളനീര്‍ കൂടുതല്‍ സമയം സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയുടെ പേറ്റന്റ് തങ്ങള്‍ക്കുള്ളതായി കമ്പനി സര്‍ക്കാരിനെ അറിയിച്ചു. നേന്ത്രപ്പഴ ഐസ്‌ക്രീം നിര്‍മാണത്തിനും സ്ഥാപനം താല്‍പര്യം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha