സ്മാര്‍ട് സാങ്കേതിക വിദ്യകളുള്ള ഒരു കിടിലന്‍ പേഴ്‌സ്....
സ്മാര്‍ട് ഉപകരണങ്ങളുടെ കാലമാണിത്. ഫോണ്‍, ടിവി, വാച്ച്, മ്യൂസിക് പ്ലെയര്‍, ഫാന്‍, ലൈറ്റ്, ക്ലോക്ക് തുടങ്ങി സ്മാര്‍ട് സാങ്കേതിക വിദ്യകളിലേക്ക് ചുവടുമാറ്റിയ നിരവധി ഉപകരണങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് വോള്‍ട്ടര്‍മാന്‍ സ്മാര്‍ട് വാലറ്റ്. പണവും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും സൂക്ഷിക്കാന്‍ മാത്രമല്ല ഈ വാലറ്റ് എന്ന് അതിനെ കുറിച്ച് കൂടുതലറിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവും.
സാധാരണ ഒരു വാലറ്റിന്റെ പരിമിതികളെ മറികടക്കാനുള്ള ശ്രമമാണ് വോള്‍ട്ടര്‍മാന്‍ വാലറ്റിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നിലുള്ളത്. 512 എംബി റാം, ക്യാമറ, വൈഫൈ ഹോട്ട് സ്‌പോട്ട്, പവര്‍ബാങ്ക് എന്നിവയെല്ലാം നിങ്ങളുടെ വാലറ്റിന് ഉണ്ടായിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ.? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവയെല്ലാമുള്ളൊരു സ്മാര്‍ട് വാലറ്റാണ് വോള്‍ട്ടര്‍മാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇനി ഇതിന്റെ പ്രത്യേകതകള്‍ എങ്ങനെയൊക്കെയെന്ന് നോക്കാം.
പോക്കറ്റിലിടുന്ന കുഞ്ഞുവാലറ്റുകള്‍ പവര്‍ബാങ്കായി ഉപയോഗിക്കാന്‍ സാധിച്ചെങ്കിലോ ? ഭാരമേറിയ പവര്‍ബാങ്കുകള്‍ പോക്കറ്റിലിട്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ടിനൊരു പരിഹാരമാണ് വോള്‍ട്ടര്‍മാന്‍ പേഴ്‌സ്. കേബിള്‍ വഴിയും വയര്‍ലെസ് ആയും ഫോണുകള്‍ ചാര്‍ജ് ചെയ്യാം. അതായത് ഒരേ സമയം രണ്ട് ഫോണുകള്‍ ഈ വാലറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനാവും.
വാലറ്റ് എവിടെയെങ്കിലും വെച്ച് മറന്നുപോയാല്‍ അത് നിങ്ങളെ അറിയിക്കുന്ന സംവിധാനമാണ് ഡിസ്റ്റന്‍സ് അലാം സിസ്റ്റം. പേഴ്‌സ് എവിടെയെങ്കിലും വെച്ച് മറന്നു പോവുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങും. ഇനി ഫോണ്‍ മറന്നു പോവുകയാണെങ്കില്‍ വാലറ്റിനുള്ളില്‍ നിന്നും ശബ്ദമുണ്ടാവും. ഫോണും വാലറ്റും തമ്മില്‍ നിശ്ചിത അകലം മറികടക്കുമ്പോഴാണ് ഈ അലാം പ്രവര്‍ത്തിക്കുക.
പോക്കറ്റടിക്കാരെ പിടിക്കാനുള്ള വിദ്യയും ഈ വാലറ്റിലുണ്ട്. ക്യാമറ മോഷ്ടിക്കപ്പെട്ടാല്‍ ആ മോഷ്ടാവിന്റെ ചിത്രം നിങ്ങളുടെ ഫോണില്‍ കാണാന്‍ സാധിക്കും. ഇതിനായി ഫോണില്‍ ഒരു ക്യാമറയും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
വാലറ്റ് എവിടെയെങ്കിലും വെച്ച് മറന്നു പോവുമ്പോഴോ മോഷ്ടിക്കപ്പെടുമ്പോഴോ വാലറ്റ് എവിടെയാണെന്ന് കണ്ടെത്താന്‍ വാലറ്റിനകത്തെ ജിപിഎസ് സംവിധാനം സഹായിക്കും. നിങ്ങളുടെ ഫോണില്‍ നിന്നും ജിപിഎസ് വഴി വാലറ്റ് കണ്ടെത്താന്‍ സാധിക്കും.
ലോകത്ത് എവിടെയാണെങ്കിലും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാനുള്ള സൗകര്യവും വാലറ്റില്‍ ഒരുക്കിയിട്ടുണ്ട്. വാലറ്റിലെ വൈഫൈ ഹോട്‌സ്‌പോട്ട് ഓണ്‍ ആക്കി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha