തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ദിവസങ്ങള്‍ക്കുളളില്‍ നിലവില്‍ വരും
സിനിമാ തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ നടപ്പില്‍വരുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. മലയാള സിനിമ പുതിയ ടെക്‌നോളജിയിലൂടെ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ്. അതോടൊപ്പം പലവിധ പ്രശ്‌നങ്ങളും ഈ മേഖലയില്‍ നിലനില്‍ക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സമഗ്രമായ നിയമനിര്‍മ്മാണവും പരിഷ്‌കാരങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് നൂറോളം തീയേറ്ററുകള്‍ വരുമ്പോള്‍ തന്നെ ഇപ്പോഴുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പലവിധമായ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി ശ്രദ്ധയില്‍വന്നിട്ടുണ്ട്. സിനിമാ മേഖലയില്‍ പുതുതായി രൂപം കൊണ്ട വിമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന സംസ്ഥാന സര്‍ക്കാരിന് ഈ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ ചെയര്‍പേഴ്‌സണായും, ശാരദ, കെ ബി വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവര്‍ അംഗങ്ങളായും ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ഈ രംഗത്ത് സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha