കേന്ദ്ര മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ഇന്ത്യ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നു
കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ക്കും, ഉയര്‍ന്ന ഉദ്യോഗസ്ഥ മേധാവികള്‍ക്കും വേണ്ടി ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഈര്‍ജ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓയില്‍ ഉപഭോക്താവായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍) ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കുന്നതാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ഓയില്‍ കമ്പനികള്‍ പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ് ഇ.ഇ.എസ്.എല്‍.
സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇലക്ട്രിക് കാര്‍ വിപ്ലവത്തിനു തുടക്കമിടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പതിനായിരം ഇലക്ട്രിക് കാറുകള്‍ക്കൊപ്പം, നാലായിരം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുമുള്ള ടെന്‍ഡറാണ് വിളിക്കുന്നത്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 100 മുതല്‍ 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന കാറുകളാണ് വാങ്ങുകയെന്ന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സൗരഭ് കുമാര്‍ പറഞ്ഞു. നവംബറോടെ മന്ത്രിമാരുടെ വസതികളും, പ്രധാന ഗവണ്‍മെന്റ് ഓഫീസുകളും സ്ഥിതി ചെയ്യുന്ന മേഖലയില്‍ 300 - 400 ഇലക്ട്രിക് വാഹനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും.
ഇലക്ട്രിക് വാഹനങ്ങളും, ഡ്രൈവര്‍മാരും മാത്രമല്ല മെയിന്റനന്‍സും തങ്ങള്‍ ലഭ്യമാക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്ന് സൗരഭ് കുമാര്‍ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വാഹന ചെലവില്‍ അയ്യായിരം രൂപ വരെ കുറവു വരുമെന്നു മാത്രമല്ല, മലിനീകരണം കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha