തൊഴിലിനെ കുറിച്ച് ഇന്ത്യക്കാര്‍ക്കു തികഞ്ഞ ആത്മവിശ്വാസം...
തൊഴില്‍ രംഗത്ത് ആകപ്പാടെ പ്രശ്‌നങ്ങളാണ്. ഓട്ടോമേഷന്‍, സാമ്പത്തിക മാന്ദ്യം എന്നിങ്ങനെ പണി പോകാന്‍ കാരണങ്ങള്‍ നിരവധി. പക്ഷേ, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങൂല എന്ന മട്ടില്‍ ഈ പ്രശ്‌നങ്ങളൊന്നും ഇന്ത്യക്കാര്‍ക്ക് ജോലിയിലുള്ള ആത്മവിശ്വാസത്തെ കെടുത്തുന്നില്ലെന്നു പഠനങ്ങള്‍. എന്നു മാത്രമല്ല ഏഷ്യ, പസഫിക് മേഖലയില്‍ തൊഴിലിനെ പറ്റി ശുഭപ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നതില്‍ ഇന്ത്യക്കാരാണ് മുന്‍പന്തിയില്‍.
തൊഴില്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ മിഷേല്‍ പേജ് തയ്യാറാക്കിയ ജോബ് കോണ്‍ഫിഡന്‍സ് സൂചികയാണ് ഇന്ത്യക്കാരുടെ തൊഴില്‍പരമായ ആത്മവിശ്വാസം കൂടുതലാണെന്നു കണ്ടെത്തിയത്. വിവിധ സ്ഥാപനങ്ങളിലെയും വ്യവസായ മേഖലകളിലെയും സീനിയല്‍ തലത്തിലുള്ള ജീവനക്കാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം ഇന്ത്യന്‍ പ്രഫഷണലുകളും തങ്ങളുടെ ജോലിയെ കുറിച്ചും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തുന്നവരാണ്. ഏഷ്യ പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ ഇത് 66 ശതമാനം മാത്രമാണ്.
ഇന്ത്യന്‍ പ്രഫഷണലുകളില്‍ 73 ശതമാനവും ഒരു ജോലി പോയാലും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മറ്റൊരു ജോലി കിട്ടുമെന്ന് ആത്മവിശ്വാസം പുലര്‍ത്തുന്നു. ഓട്ടോമേഷന്‍ സംബന്ധിച്ച പ്രതിസന്ധികള്‍ നിലനില്‍ക്കേയാണ് ഇതെന്ന് ഓര്‍ക്കണം. തൊഴിലില്‍ നൈപുണ്യവികസനത്തിനും പ്രമോഷനും ഉള്‍പ്പെടെയുള്ള സാധ്യതകളെ കുറിച്ചും ഇന്ത്യക്കാര്‍ ശുഭാപ്തി വിശ്വാസം കാണിക്കുന്നു. നൈപുണ്യ വികസനം, ശമ്പളം, മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലനം എന്നീ ഘടകങ്ങളാണ് ഇന്ത്യക്കാരെ ഒരു ജോലി ഉപേക്ഷിച്ച് മറ്റൊന്ന് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha