സ്പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് ഒരു ഗണേശവിഗ്രഹം
രാജ്യത്തെ പ്രധാന ആരാധനാ മൂര്‍ത്തികളിലൊന്നാണ് ഗണപതി അഥവാ വിഘ്നേശ്വരന്‍. വിവിധ രൂപങ്ങളിലും വര്‍ണ്ണങ്ങളിലും പല വലുപ്പത്തിലുമൊക്കെയുള്ള ഗണേശവിഗ്രഹങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു വിഗ്രഹം ആരും കണ്ടിട്ടുണ്ടാവില്ല. ഗണേശ ചതുര്‍ഥി അടുത്തിരിക്കുകയാണ്. അപ്പോള്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോഴ്‌സ് നിര്‍മ്മിച്ച ഒരു ഗണേശ വിഗ്രഹമാണ് ഭക്തരെയും വാഹനപ്രേമികളെയുമൊക്കെ ഒരുപോലെ അദ്ഭുതപ്പെടുത്തുന്നത്.
പൂര്‍ണമായും കാറുകളിലെ സ്‌പെയര്‍ പാര്‍ട്ട്‌സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഗണേശ വിഗ്രഹമാണ് ഫോര്‍ഡ് അണിയിച്ചൊരുക്കിയത്. ഫെന്‍ഡര്‍, ഡിസ്‌ക് ബ്രേക്ക്, സ്പാര്‍ക്ക് പ്ലഗ്, ക്ലച്ച് പ്ലേറ്റ് തുടങ്ങി ഒരു വാഹനത്തിന്‍റെ മര്‍മ്മ പ്രധാനമായ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ ഗണേശ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ആര്‍ട്ടിസ്റ്റ് മദ്‌വി പിട്ടിയും മുംബൈയിലെ മെറ്റല്‍ ആര്‍ട്ടിസ്റ്റ് നിശാന്ത് സുധകരന്‍റെയും കരവിരുതിലാണ് ഈ വിഗ്രഹത്തിന്റെ പിറവി. 6.5 അടി ഉയരുമുണ്ട് ഈ വിഗ്രഹത്തിന്.
കഴിഞ്ഞ ദിവസം ഫോര്‍ഡ് ഇന്ത്യ സെയില്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സൗരബ് മഹിജ ഈ ഗണേശ വിഗ്രഹം പുറത്തിറക്കി. മുംബൈയിലെ ഒബ്‌റോണ്‍ മാളില്‍ ഓഗ്‌സ്റ്റ് 20 ഞായറാഴ്ച വരെ വിഗ്രഹം പ്രദര്‍ശനത്തിന് വയ്ക്കും.
സന്ദര്‍ശകരുടെ ചിത്രങ്ങള്‍ 180 ഡിഗ്രിയില്‍ പകര്‍ത്താന്‍ സാധിക്കുന്ന 12 ഹൈ ക്വാളിറ്റി ക്യാമറകളും വിഗ്രഹത്തിലുണ്ട്. ഈ ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് #SelfieWithFordGanesha എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം. ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സ്‌പെയര്‍ പാര്‍ട്ട്‌സില്‍ തീര്‍ത്ത ചെറിയ ഗണേശ വിഗ്രഹം സമ്മാനമായി നേടാം.
വാഹനങ്ങളില്‍ കൂടുതല്‍ ഗുണമേന്‍മയുള്ള സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ഉപയോഗിക്കേണ്ട ആവശ്യകത എന്താണെന്ന് കൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമാണ് ഫോര്‍ഡിന്റെ ഈ പുതിയ ഉദ്യമമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha