ആവോലി വിത്തുൽപാദനം വിജയം
ആഭ്യന്തര, -വിദേശ വിപണികളിൽ ഏറെ ആവശ്യക്കാരുള്ള ആവോലി വറ്റയുടെ വിത്തുൽപാദന സാങ്കേതികവിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വികസിപ്പിച്ചു. രണ്ടുവർഷത്തെ ഗവേഷണത്തിനൊടുവിൽ സി.എം.എഫ്.ആർ.ഐയുടെ വിശാഖപട്ടണം ഗവേഷണകേന്ദ്രത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഈ മീനിെൻറ വിത്തുൽപാദനം വിജയകരമായി നടത്തുന്നത്. രാജ്യത്തെ സമുദ്രകൃഷി സംരംഭങ്ങൾക്ക് കരുത്തുപകരുന്ന അപൂർവനേട്ടമാണ് ഇതിലൂടെ കൈവരിച്ചത്.
സി.എം.എഫ്.ആർ.െഎ കൃത്രിമമായി വിത്തുൽപാദനം വിജയകരമാക്കുന്ന അഞ്ചാമത്തെ സമുദ്രമത്സ്യമാണ് ആവോലി വറ്റ. നേരത്തേ മോത, കലവ, ഏരി, വളവോടി വറ്റ എന്നിവയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു.
ഇനി ആവോലി വറ്റ ഹാച്ചറികളിൽ പ്രജനനം നടത്തി കുഞ്ഞുങ്ങളെ കൃഷിക്ക് ഉപയോഗിക്കാനാകും. വിദേശവിപണിയിലും ഇന്ത്യയിലും വളരെയധികം ആവശ്യക്കാരുള്ളതും ഉയർന്ന വിപണനമൂല്യമുള്ളതുമായ ഈ മത്സ്യം കൂടുകൃഷിക്കും അനുയോജ്യമാണ്. കുഞ്ഞുങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇവയുടെ കൃഷി ഇതുവരെ സാധ്യമായിരുന്നില്ല.
പെട്ടെന്നുള്ള വളർച്ചനിരക്ക്, ഗുണനിലവാരമുള്ള മാംസം, സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുള്ള കഴിവ് തുടങ്ങിയവ ആവോലി വറ്റയുടെ പ്രത്യേകതകളാണ്. ഇവയുടെ കുഞ്ഞുങ്ങൾ ലഭ്യമാകുന്നതോടെ സമുദ്ര മത്സ്യകൃഷിയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സി.എം.എഫ്.ആർ.െഎ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha