വ്യാപാരികള്‍ക്ക് പിഴ കൂടാതെ ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി ഇന്ന്
ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന് ശേഷം സംസ്ഥാനത്തിന് 500 കോടി രൂപയാണ് നികുതി വരുമാനമായി ലഭിച്ചത്. അതേസമയം വ്യാപാരികള്‍ക്കു നികുതി അടയ്ക്കാന്‍ ഇനിയും അവസരമുണ്ട്. ഇന്നാണു പിഴ കൂടാതെ വ്യാപാരികള്‍ക്കു ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി. രണ്ടര ലക്ഷം വ്യാപാരികളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ജിഎസ്ടി ശൃംഖലയ്ക്കു കീഴിലുള്ളത്. ഇതില്‍ 80,000 പേര്‍ ഇതുവരെ ജൂലൈയിലെ റിട്ടേണ്‍ സമര്‍പ്പിച്ചു. ഇവരില്‍ നികുതി അടച്ചവരാകട്ടെ 30,000 പേരും. ഇവര്‍ 1000 കോടിയോളം രൂപ നികുതിയായി അടച്ചപ്പോഴാണു സംസ്ഥാന വിഹിതമായ 500 കോടി ലഭിച്ചത്. ബാക്കി, കേന്ദ്രത്തിനു റിട്ടേണ്‍ നല്‍കിയവരില്‍ അര ലക്ഷത്തോളം വ്യാപാരികള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അവകാശപ്പെടുന്നതിനാല്‍ ഇനി കാര്യമായി നികുതി അടയ്‌ക്കേണ്ടി വരില്ല. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ളവരില്‍ പകുതിയിലേറെ പേര്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അവകാശപ്പെടുമെന്നാണു കരുതുന്നത്. അങ്ങനെയെങ്കില്‍ അവരില്‍ നിന്നു ജൂലൈ മാസത്തേക്കു കാര്യമായ നികുതി ലഭിക്കാനിടയില്ല.
അതിന് പുറമെ കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുമുണ്ട്. അതുകൊണ്ട് തന്നെ ആദ്യ മാസമായ ജൂലൈയിലെ നികുതി 1000 കോടി കവിയുമെന്നാണു പ്രതീക്ഷയെന്നു ജിഎസ്ടി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. കേരളത്തിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിച്ച ഇതര സംസ്ഥാനത്തെ വ്യാപാരികളില്‍ നിന്നുള്ള നികുതിയുടെ വിഹിതം ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടില്ല. ഇതുകൂടി ലഭിക്കുമ്പോള്‍ വരുമാനം ഇരട്ടിയാകുമെന്നാണു കണക്കുകൂട്ടല്‍. അങ്ങനെ വരുമ്പോള്‍ മുന്‍പ് വാറ്റില്‍ നിന്നു ലഭിച്ചിരുന്നത്ര നികുതി ജിഎസ്ടി വഴിയും കേരളത്തിനു കിട്ടും. ജിഎസ്ടി വരുന്നതോടെ സര്‍ക്കാര്‍ പ്രതീക്ഷിച്ച 20% വര്‍ധന നടപ്പാകുമോ എന്നു കാത്തിരുന്നു കാണണം.
https://www.facebook.com/Malayalivartha