ചൈനയിൽ താരമായി മലബാറിൽ നിന്നുള്ള ഉണ്ടക്കൊപ്ര
നമ്മൾ ഡ്രൈഫ്രൂട്ടിൽ ഉൾപ്പെടുത്താത്ത കൊപ്രയാണ് ചൈനീസ് വിപണിയിലെ താരം. ഏതെങ്കിലും കൊപ്രയല്ല ചൈനക്കാർക്ക് വേണ്ടത്. മലബാറിൽനിന്നുള്ള കൊപ്രയ്ക്കാണ് അവിടെ പ്രാമുഖ്യം.
കശുവണ്ടിയെക്കാളും വാൾനട്ടിനെക്കാളും കൊപ്രയ്ക്കാണ് ആവശ്യക്കാർ. സമ്മിശ്ര ഉണക്കപ്പഴ പായ്ക്കറ്റുകളിൽ മുന്നിട്ടുനിൽക്കുന്നതും കൊപ്രക്കഷ്ണങ്ങൾ.
കേരളത്തിൽ കോഴിക്കോട്ടുനിന്നാണ് കയറ്റുമതി. ദിവസേന ഒരു ടൺ ഉണ്ടക്കൊപ്രയാണ് കടൽകടക്കുന്നത്. കോഴിക്കോട്ടുനിന്ന് ദുബായിലെത്തി അവിടെനിന്നാണ് ചൈനയിലെത്തുന്നത്. കോഴിക്കോട്, വടകര എന്നിവിടങ്ങളിലാണ് ഉണ്ടക്കൊപ്ര ഉത്‌പാദിപ്പിക്കുന്നത്. കാന്പ് കൂടിയ തേങ്ങ കേരളത്തിൽ ഇവിടങ്ങളിലാണ് കൂടുതൽ.
കൃത്യം പാകമായ തേങ്ങ പറിച്ചെടുത്ത് എട്ടുമാസത്തോളം മച്ചിലിട്ടുണക്കിയാണ് ഉണ്ടക്കൊപ്രയുണ്ടാക്കുന്നത്. ഇതിന് സാധാരണ കൊപ്രയെക്കാളും വില കൂടുതലാണ്. ഉണക്കുമ്പോൾ 63 ശതമാനംവരെ ഭാരം നഷ്ടപ്പെടും.
വിദേശത്ത് ആവശ്യം കൂടിയതോടെ ഉണ്ടക്കൊപ്രയുടെ വില ഉയർന്നു. വ്യാഴാഴ്ച ക്വിന്റലിന് 13,000 രൂപയായിരുന്നു വില. സാധാരണകൊപ്രയ്ക്ക് 10,100 രൂപയും. ഒരു മാസംമുമ്പ് കേരളത്തിൽ ഉണ്ടക്കൊപ്രയ്ക്കും കൊപ്രയ്ക്കും ഏതാണ്ട് ഒരേ വിലയായിരുന്നു.
വടക്കേ ഇന്ത്യയിലെ ആഘോഷങ്ങളിൽ പ്രധാന ഘടകമാണ് ഉണ്ടക്കൊപ്ര. ഇതിനായാണ് കേരളത്തിലെ ഉത്‌പാദനവും. ഉണ്ടക്കൊപ്ര മുറിച്ച് രാജാപുർ എന്ന പേരിലാണ് ഉത്തരേന്ത്യയിലേക്ക് അയക്കുന്നത്. കേരളത്തിൽ കൊപ്ര എണ്ണയ്ക്കായി മാത്രമാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha