ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടിയായി ഡിഎന്‍ഡി
ഡു നോട്ട് ഡിസ്റ്റേര്‍ബ് (ഡിഎന്‍ഡി) സോഫ്റ്റ്വെയര് ആപ് സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ മടിക്കുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. അനാവശ്യ സന്ദേശങ്ങളും ഫോണ്‍ വിളികളും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ട്രായ് പുറത്തിറക്കിയ സോഫ്റ്റ്വെയറാണ് ഡിഎന്‍ഡി. മൊബൈല്‍ ഓപ്പറേറ്റര്‍മാരിലൂടെ അനാവശ്യ സന്ദേശങ്ങളും കോളുകളും സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താക്കളെ അറിയിക്കാന്‍ അനുവദിക്കാത്ത ആപ്പിളിന്റെ നിലപാട് രാജ്യത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള കമ്ബനിയുടെ ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ ആപ് തങ്ങളുടെ സ്വകാര്യത നയത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പിള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ രാജ്യത്ത് റീട്ടെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനും ഉപയോഗിച്ച ഐഫോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുവാദത്തിനുമായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണ്. നികുതി ഇളവുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദീര്‍ഘമായ ആവശ്യങ്ങളുടെ പട്ടികയാണ് ആപ്പിള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതിനിടെ ട്രായിയുടെ ആവശ്യം നിരസിക്കുന്നത് ചര്‍ച്ചകള്‍ക്ക് തടസമാകുമെന്നാണ് വിലയിരുത്തല്‍. ഡിഎന്‍ഡി ഉള്‍പ്പെടുത്താന്‍ അധികൃതര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം ആപ്പിളിന്റെ സ്വകാര്യത നയത്തെ ലംഘിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്രായ് ചെയര്മാന് റാം സേവക് ശര്‍മ വ്യക്തമാക്കി. ടെലികോം നെറ്റ്വര്ക്കുകളിലെ ഡേറ്റയില്‍ ഉപയോക്താക്കളുടെ നിയന്ത്രണം സംബന്ധിച്ച് അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് ട്രായ് കണ്‍സള്‍ട്ടേറ്റിവ് പേപ്പര്‍ പുറത്തിറക്കിയിരുന്നു. സെപ്റ്റംബറില്‍ പൂര്‍ത്തിയാകുന്ന ഈ പ്രക്രിയ ഉപഭോക്തൃ ഡേറ്റയെ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങളിലേക്കു നയിച്ചേക്കും. ടെലികോം ലൈസന്‍സിങ് പ്രക്രിയയുടെ ഭാഗമായും ഇത് മാറുമെന്ന് ശര്‍മ മുന്നറിയിപ്പ് നല്കുന്നു.
https://www.facebook.com/Malayalivartha