കാറിന്റെ പുതുമയും തിളക്കവും നഷ്ടപ്പെടുന്നത് ഒഴിവാക്കാം
കാറിന്റെ തിളക്കവും പുതുമയും നഷ്ടപ്പെടുന്നത് പല ഉപഭോക്താക്കളിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. പൊടിയും ചെളിയും നിറഞ്ഞ ഇന്ത്യന്‍ കാലാവസ്ഥയില്‍ കാറിന്റെ തനിമ സംരക്ഷിക്കുന്നത് എത്രത്തോളം സാധ്യമാകുമെന്നത് ഒരു വലിയ ചോദ്യമാണ്. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഈ പ്രതിസന്ധിയെ ഏറെക്കുറേ തരണം ചെയ്യാനാവും.
ഷാമ്പു ഉപയോഗിച്ച് കാര്‍ കഴുകുക
വാഹനത്തിന്റെ തിളക്കം നിലനിര്‍ത്താനായി ഷാമ്പു ഉപയോഗിച്ച് വാഹനം കഴുകുന്നത് വളരെയേറെ പ്രയോജനകരമാണ്. ഷാമ്പു ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കാര്‍ നന്നായി വെള്ളം ഉപയോഗിച്ച് കഴുകുക.
മുകളില്‍ നിന്നും താഴോട്ട് വാഹനം കഴുകുക
കാര്‍ കഴുകുമ്പോള്‍ മുകളില്‍ നിന്നും താഴോട്ടാണ് കഴുകേണ്ടത്. കാരണം ബമ്പറിലും കാറിന്റെ അടിഭാഗത്തുമായിട്ടാണ് കൂടുതല്‍ അഴുക്ക് അടിഞ്ഞ് കൂടുക. ഈ സാഹചര്യത്തില്‍ താഴെ നിന്നും മുകളിലോട്ട് കഴുകുമ്പോള്‍ വാഹനത്തില്‍ സ്‌ക്രാച്ചുകള്‍ വീഴും.
വൃത്തിയാക്കാന്‍ മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കുക
കാര്‍ കഴുകിയതിന് ശേഷം മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് കാര്‍ തുടയ്ക്കുക. ഇത് അതിവേഗം വെള്ളം തുടച്ചു നീക്കുകയും മൃദുവായതിനാല്‍ പാടുകളും അവശേഷിപ്പിക്കില്ല.
ഉണങ്ങിയ തുണി ഉപയോഗിക്കരുത്
ഉണങ്ങിയ തുണി ഉപയോഗിച്ച് വാഹനം വൃത്തിയാക്കിയാല്‍ അത് വാഹനത്തിന്റെ തിളക്കം നഷ്ടപ്പെടുത്തകയേയുള്ളു. പൊടിപടലങ്ങള്‍ വാഹനത്തില്‍ പോറല്‍ വീഴ്ത്താന്‍ ഉണങ്ങിയ തുണി ഉപയോഗിച്ചുള്ള തുടയ്ക്കല്‍ കാരണമാകും. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് ഉത്തമം.
ഏറെ നേരം പാര്‍ക്ക് ചെയ്യേണ്ട സാഹചര്യത്തില്‍ കാര്‍ മൂടുക
നേരിട്ടുള്ള സൂര്യപ്രകാശം കാറിന്റെ തിളക്കം നഷ്ടപ്പെടുത്തും. അതിനാല്‍ ദീര്‍ഘ നേരം തുറസായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യേണ്ടതായി വന്നാല്‍ കാര്‍ കവര്‍ ഉപയോഗിച്ച് മൂടുക.
കാര്‍ മൂടുമ്പോള്‍ വൃത്തിഹീനമായി അവസ്ഥയില്‍ മൂടരുത്
ചെളിയും പൊടിയും നിറഞ്ഞ വൃത്തിഹീനമായ അവസ്ഥയില്‍ കാര്‍ മൂടരുത്. ഇത് കാറിന്റെ തിളക്കം കുറക്കുന്നതിന് കാരണമാകും. വാഹനത്തില്‍ പാടുകള്‍ വീഴ്ത്തുകയും ചെയ്യും.
പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിക്കുക
പുതിയ കാര്‍ ആണെങ്കില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിച്ച് തിളക്കം സംരക്ഷിക്കാം. അല്‍പം ചെലവേറിയതാമെങ്കിലും കാറിന്റെ പെയിന്റ് സംരക്ഷിക്കുന്നതില്‍ ഇത് നിര്‍ണായ പങ്ക് വഹിക്കും.
https://www.facebook.com/Malayalivartha