ആൻഡ്രോയിഡ് പതിപ്പായ ' പി ' യുടെ നിർമ്മാണം അണിയറയിൽ പുരോഗമിക്കുന്നു ! ; പുതിയ വേർഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം പുറത്തിറങ്ങും
ഓറിയോയ്ക്കു ശേഷമുള്ള അടുത്ത ആൻഡ്രോയിഡ് പതിപ്പായ ' പി ' യുടെ നിർമ്മാണം അണിയറയിൽ പുരോഗമിക്കുകയാണ്. പുതിയ വേർഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഡെവലപ്പര്‍ പ്രിവ്യൂവിനെക്കുറിച്ചു കൂടുതൽ അറിവുകളൊന്നും ലഭ്യമായിട്ടില്ലെങ്കിൽ പോലും 20നു ശേഷം പ്രിവ്യൂ എത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21നാണ് ഓറിയോയുടെ ആദ്യ പ്രിവ്യൂ പുറത്തിറക്കിയത്.
ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങുന്നതോടെ പുതിയ പതിപ്പിൽ അവതരിപ്പിക്കുന്ന ഫീച്ചറുകളില്‍ കുറച്ചെങ്കിലും അറിയാനാകും. ആപ്പ് ഡെവലപ്പര്‍മാരെ ഉദ്ദേശിച്ചാണ് മുഖ്യമായും പ്രിവ്യൂ പുറത്തിറക്കുക. ഇതോടെ പുതിയ പതിപ്പിൽ വരാനിടയുള്ള ബഗ്ഗുകളെ നേരിടാനും ഇതു സഹായിക്കും.
നോട്ടിഫിക്കേഷന്‍ ഡോട്ടുകള്‍, പിക്ചര്‍-ഇന്‍-പിക്ചര്‍, ഓട്ടോഫില്‍ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയ്ഡ് ഓറിയോയിലൂടെ കൊണ്ടു വന്നത്. എന്നാല്‍ പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് തുടങ്ങിയവയില്‍ കാര്യമായ പുരോഗതി വന്നിരുന്നില്ല. ആയതിനാൽ തന്നെ ടെക് വിദഗ്ധര്‍ ഇവയിലേക്കാണ് പുതിയ പതിപ്പിലൂടെ ഉറ്റുനോക്കുന്നത്.
ഡിവൈസുകളിലെ ക്യാമെറ, മൈക്ക് എന്നിവ ഉപയോക്താവറിയാതെ ആപ്പുകള്‍ ആക്സസ് ചെയ്യുന്നതു തടയാനുള്ള ഉപാധി ആന്‍ഡ്രോയ്ഡ് 'പി' യില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കോള്‍ റെക്കോര്‍ഡിംഗ്, ബ്ലോക്കിംഗ് തുടങ്ങിയവയ്ക്ക് പുതിയ ഫീച്ചറുകളും എത്തിയേക്കാം. ഐറിസ് സ്കാനിംഗ്പോലുള്ള ഫീച്ചറുകളും പ്രതീക്ഷിക്കപ്പെടുന്നു.
മേയ് എട്ടിനാരംഭിക്കുന്ന ഡെലവപ്പേഴ്സ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ആന്‍ഡ്രോയ്ഡ് 'പി' യുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ മാത്രമേ പുതിയ പതിപ്പിന്റെ 'പി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് എന്തെന്നു വ്യക്തമാകൂ.
' പംപ്കിന്‍ പൈ ' പോലുള്ള പേരുകളാണ് ഇപ്പോള്‍ അഭ്യൂഹങ്ങളില്‍ നിറയുന്നത്. മാര്‍ച്ച് 14 ഗണിതശാസ്ത്രത്തിലെ പൈ ദിനമായതുകൊണ്ട് മധുരപദാര്‍ഥമായ പൈയുമായി ബന്ധപ്പെട്ട പേരുതന്നെയാകും പുതിയ പതിപ്പിനെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha