4 ടിബി ആന്തരിക സംഭരണ ശേഷി, 45 ദിവസം സ്റ്റാന്‍ഡ്‌ബൈ സമയം; അത്ഭുതങ്ങൾ നിറച്ച് ലെനോവോയുടെ പുത്തൻ മോഡൽ
ചൈനീസ് ടെക് കമ്പനിയായ ലെനോവോ അത്ഭുതങ്ങൾ നിറച്ച് തങ്ങളുടെ പുത്തൻ മോഡൽ നിരത്തിലിറക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത മാസം 14ന് പുറത്തിറങ്ങുന്ന സെഡ്5 (Z5) എന്ന മോഡലാണ് ഇപ്പോള്‍ ടെക് ലോകത്ത് സജീവമായ ചര്‍ച്ചയാകുന്നത്.
4 ടിബി സ്‌റ്റോറേജ് കപ്പാസിറ്റിയാണ് ഫോണിന്റെ അതിശയിപ്പിക്കുന്ന ഒരു ഫീച്ചര്‍. നിലവില്‍ 16 ജിബിയോ 32 ജിബിയോ അല്ലെങ്കിൽ 64 ജിബിയോ ആന്തരിക സംഭരണ ശേഷി മാത്രമുള്ള ഫോണുകള്‍ ഏവരും ഉപയോഗിക്കുമ്പോഴാണ് ഇത്രയും സംഭരണ ശേഷിയുമായി ഒരു ഫോണെത്തുന്നത്.
അതേസമയം 45 ദിവസം ഫോണിന് സ്റ്റാന്‍ഡ്‌ബൈ സമയം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 95 ശതമാനവും സ്‌ക്രീനായിരിക്കും ഫോണിനുള്ളത്. നേര്‍ത്ത ബെസലാകും ഫോണിനുള്ളത്. അതിനാൽ തന്നെ ക്യാമറയും സെന്‍സറുകളും എവിടെ ഘടിപ്പിക്കും എന്നതും ടെക് ലോകം ചര്‍ച്ച ചെയ്യുന്നു.
ഇതുവരെ ഫോണിന്റെ പൂർണ്ണമായ ഒരു രൂപം വെളിയില്‍ വന്നിട്ടില്ല. എന്നാല്‍ സ്‌ക്രീന്‍ എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ കമ്പനി തന്നെ പുറത്തുവിട്ടിരുന്നു. ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം പകരാന്‍ തന്നെയാണ് ലെനോവോ മുതിരുന്നത്.
https://www.facebook.com/Malayalivartha