ഇന്റര്‍നെറ്റ് ഡാറ്റാ വേഗതയിലെ കുറവ് പരിഹരിക്കാന്‍ കേരളത്തിന് മാത്രമായി ഗേറ്റ്‌വേ തുറന്ന് ബിഎസ്എന്‍എല്‍
കേരളത്തിന് സ്വന്തമായി ജി.ജി.എസ്.എന്‍. സംവിധാനം വേണമെന്ന ഏറെനാളായുള്ള ആവശ്യത്തിന് പരിഹാരമായാണ് പുതിയ സംവിധാനം. ഡാറ്റാവേഗതയിലെ കുറവ് ബി.എസ്.എന്‍.എലിന് ഉപയോക്താക്കളെ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ച ഗേറ്റ്‌വേ ജിപിആര്‍എസ് സപ്പോര്‍ട്ട് നോഡ് (ജിജിഎസ്എന്‍) ഉദ്ഘാടനം പനമ്പിള്ളി നഗര്‍ എക്‌സ്‌ചേഞ്ചില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ സേവന വിഭാഗം ഡയറക്ടര്‍ ആര്‍.കെ. മിത്തല്‍ നിര്‍വഹിച്ചു. ഇന്റര്‍നെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നതിന് കേരളത്തിന് സ്വന്തമായി ഗേറ്റ്‌വേ ലഭിക്കുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
ചെന്നൈയിലുള്ള ജി.ജി.എസ്.എന്‍. സംവിധാനമായിരുന്നു ദക്ഷിണേന്ത്യ മൊത്തത്തിലുള്ള മൊബൈല്‍ ഡാറ്റ ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. ഇതു വിഭജിച്ചാണ് കൊച്ചിയില്‍ ഗേറ്റ്‌വേ സ്ഥാപിച്ചത്. ടൂ ജി, ത്രീ ജി, ഫോര്‍ ജി നെറ്റ്‌വര്‍ക്കുകള്‍ കൈകാര്യം ചെയ്യാവുന്ന ഗേറ്റ്‌വേയാണിത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ വീഡിയോ സ്ട്രീമിങ്, ഹൈസ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ് തുടങ്ങിയവ കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകും. 4 ജി സാങ്കേതികവിദ്യയുടെ വോള്‍ട്ടെ ഉള്‍പ്പെടെയുള്ള പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സംവിധാനം.
കേരളത്തില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്റെ ഭാഗമായി പുതിയ 2600 മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെ 250 കോടി രൂപയുടെ ഉപകരണങ്ങള്‍ ബിഎസ്എന്‍എല്‍ വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ 500 ബി.ടി.എസുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായി. രണ്ടുമാസത്തിനുള്ളില്‍ ബാക്കിയുള്ളവ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ ഡാറ്റാ വേഗം ഏറെ മെച്ചപ്പെടും.
https://www.facebook.com/Malayalivartha