ആപ്പിളിനെ വെല്ലാൻ തയ്യാറായി വാവെയ്; പുത്തൻ മോഡൽ പി20 യുടെ വില്പന 60 ലക്ഷം യൂണിറ്റുകള്‍ മറികടന്നു
ആഗോളതലത്തില്‍ അറുപത് ലക്ഷം ഫോണുകളുടെ വില്‍പന നടത്തിയെന്ന അവകാശവാദവുമായി ചൈനയിലെ പ്രമുഖ സ്മാര്‍ട്‌ഫോണ്‍, ടെലികം എക്യുപ്‌മെന്റ് കമ്പനിയായ വാവെയ് രംഗത്തെത്തിയിരിക്കുകയാണ്. ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ശ്രദ്ധേയ മോഡലായ പി20 യുടെ വിലപ്നയാണ് 60 ലക്ഷം യൂണിറ്റുകള്‍ കഴിഞ്ഞത്.
ബുധനാഴ്ച്ച ഷാങ്ഹായിലാണ് കമ്പനി ഈ വിവരം പുറത്തുവിട്ടത്. വാവേയുടെ തന്നെ പി10 പരമ്പരയിലെ ഫോണുകളെക്കാള്‍ 81 ശതമാനം വിപണിയിലെ പ്രകടനമാണ് പി20 ഫോണുകള്‍ക്ക് കമ്പനി അവകാശപ്പെടുന്നത്.
അവിശ്വസനീയമായ ഈ സ്വീകാര്യതയും വില്‍പനയും തെളിയിക്കുന്നത് പുതുമയിലും പുതിയ സാങ്കതികവിദ്യകള്‍ അവതരിപ്പിക്കുന്നതിലുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണെന്ന് വാവേയുടെ ഹാന്‍ഡ്‌സെറ്റ് പ്രൊഡക്ഷന്‍ ലൈന്‍ പ്രസിഡന്റ് കെവിന്‍ ഹോ വ്യക്തമാക്കി.
ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയുള്ള പി20 പ്രോ, പി20 ലൈറ്റ് എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
64999 രൂപ വില വരുന്ന പി20 പ്രോ ലോകത്ത് ആദ്യമായി ലൈക്കാ ട്രിപ്പിള്‍ റിയര്‍ ക്യാമറയോട് കൂടിയാണ് വാവേ പുറത്തിറക്കിയിരിക്കുന്നത്. 40 എംപിയുടെ ആര്‍.ജി.ബി സെന്‍സറും 20 എം.പിയുടെ മോണോക്രോം സെന്‍സറും 8 എം.പിയുടെ സെന്‍സറുമാണ് ക്യാമറയില്‍. ഷാര്‍പ്പ്‌നെസ്സിനും കളര്‍ അക്വറസിക്കും ഫോക്കസിനും കോണ്‍ട്രാസ്റ്റിനുമായി ടെലിഫോട്ടോ ലെന്‍സും ക്യാമറയിലുണ്ട്.
ലോങ്ങ് റേഞ്ച് ഫോട്ടോഗ്രാഫിക്കായി 5 എക്‌സ് ഹൈബ്രിഡ്ജ് സൂമും ആറ് ആക്‌സിസ് സ്റ്റെബിലൈസേഷന്‍ സപ്പോര്‍ട്ടും 960 എഫ്.പി.എസ് സൂപ്പര്‍ സ്ലോമോഷനും ആണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. സ്‌ക്രീന്‍ 15.49 സെന്റീമീറ്റര്‍ ഓ.എല്‍.ഇ.ഡി ആണ്. 4000 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്.
https://www.facebook.com/Malayalivartha