സ്മാർട്ഫോൺ പ്രേമികൾക്കൊരു സന്തോഷവാർത്ത; മൂന്ന് പോപ്പ് അപ്പ് ക്യാമറകളുമായി ഒപ്പോയുടെ പുത്തൻ മോഡൽ പുറത്തിറങ്ങി
സെല്‍ഫി ക്യാമറാ ഫോണുകള്‍ പുറത്തിറക്കുന്ന പ്രമുഖ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയാണ് ഓപ്പോ. ഇപ്പോഴിതാ മൂന്ന് പോപ്പ് അപ്പ് ക്യാമറകളുമായി ഒപ്പോയുടെ പുതിയ ഫൈന്റ് എക്‌സ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. 93.8 സ്‌ക്രീന്‍-ബോഡി അനുപാതത്തില്‍ പൂര്‍ണമായും ബെസല്‍ ലെസ് സ്മാർട്ഫോൺ ആണ് ഓപ്പോ ഫൈന്റ് എക്‌സ്.
ഓപ്പോ ഫൈന്റ് എക്‌സിന്റെ ക്യാമറ തന്നെയാണ് ഏറ്റവും പുതുമയുള്ള പ്രത്യേകത. അടുത്തിടെ വിവോ പുറത്തിറക്കിയ നെക്‌സ് സ്മാര്‍ട്‌ഫോണില്‍ ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ അവതരിപ്പിച്ചിരുന്നു. ആപ്പിള്‍ ടെന്‍ സ്മാര്‍ട്‌ഫോണിന് സമാനമായി സ്‌ക്രീന്‍ വലിപ്പം തോന്നിപ്പിക്കാന്‍ സെല്‍ഫി സെന്‍സറുകളും നില്‍ക്കുന്നയിടം മാത്രം ഒഴിവാക്കി ബാക്കിയുള്ളയിടത്തെല്ലാം സ്‌ക്രീന്‍ വ്യാപിപ്പിച്ചുള്ള നോച്ച് ഡിസ്‌പ്ലേ സ്മാര്‍ട്‌ഫോണുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
വിവോ നെക്‌സ് സ്മാര്‍ട്‌ഫോണില്‍ പരീക്ഷിച്ചത് ഈ ആശയമാണ്. ഒപ്പോ ഫൈന്റ് എക്‌സിലേക്ക് വരുമ്പോൾ ഒന്നിന് പകരം മൂന്ന് പോപ്പ് അപ്പ് ക്യാമറയാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവോ സെല്‍ഫി ക്യാമറയെ മാത്രമാണ് മുകളിലേക്ക് മാറ്റിയതെങ്കില്‍, ഓപ്പോ ഫൈന്റ് എക്‌സിന്റെ സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും പോപ്പ് അപ്പ് ക്യാമറകളാണ്.
ഇതിനായി ഫോണിന് മുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള ഒരു സ്ലൈഡര്‍ നല്‍കിയിരിക്കുന്നു. ഈ സ്ലൈഡറിന് ഇരുവശങ്ങളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്ലൈഡറിന്റെ മുന്‍ വശത്ത് 25 മെഗാപിക്‌സലിന്റെ ക്യാമറ സെന്‍സറും ഒരു ത്രീഡി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സെന്‍സറുമാണുള്ളത്. സ്ലൈഡറിന്റെ പിന്‍വശത്ത് 20 മെഗാപിക്‌സലിന്റെയും 16 മെഗാപിക്‌സലിന്റെയും സെന്‍സറുകളുള്ള ഡ്യുവല്‍ ക്യാമറയും നല്‍കിയിരിക്കുന്നു.
2340 x 1080 പിക്‌സല്‍ റസലൂഷനുള്ള 6.4 ഇഞ്ച് ഡ്യുവല്‍ കര്‍വ്ഡ് എഡ്ജ് റ്റു എഡ്ജ് അമോലെഡ് ഡിസ്‌പ്ലേയാണ് ഓപ്പോ ഫൈന്റ് എക്‌സിന്. കാഴ്ചയില്‍ ഗാലക്‌സി എസ് 9 സ്മാര്‍ട്‌ഫോണുമായി സാമ്യമുണ്ട് ഇതിന്. ഗ്ലാസ് ബോഡി രൂപകല്‍പ്പനയിലുള്ള ഫോണില്‍ ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. എട്ട് ജിബി റാം ശേഷിയില്‍ 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഫോണിനുണ്ടാവും.
ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ കളര്‍ ഓഎസ് 5.1 ഓഎസ് ആണ് ഫൈന്റ് എക്‌സ് സ്മാര്‍ട്‌ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് പി യുടെ ഡെവലപ്പര്‍ പ്രിവ്യൂയും ഫോണില്‍ ലഭിക്കും. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പൂര്‍ണമായും ഫോണില്‍ നിന്നും ഒഴിവാക്കി. പകരം ത്രീഡി ഫേഷ്യല്‍ അണ്‍ലോക്ക് ഓതന്റിക്കേഷന്‍ സംവിധാനമാണ് ഫോണിലുള്ളത്.
15000 ഡോട്ടുകള്‍ ഉപയോഗിച്ച് മുഖത്തിന്റെ രൂപരേഖ തയ്യാറാക്കിയാണ് ഫെയ്‌സ് അണ്‍ലോക്ക് പ്രവര്‍ത്തിക്കുന്നത്. ബ്ലഡ് ഇലുമിനേറ്റര്‍, ഐആര്‍ ക്യാമറ, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡോട്ട് പ്രൊജക്ടര്‍ എന്നിവയും ഒപ്പം സെല്‍ഫി ക്യാമറയും ഇതിലുണ്ട്.
ക്യാമറ ആപ്പില്‍ ആപ്പിളിലേത് പോലെ പോര്‍ട്രെയ്റ്റ് മോഡും അതിന് അനുയോജ്യമായ പ്രകാശ ക്രമീകരണ സംവിധാനങ്ങളും ഫോണില്‍ ലഭ്യമാണ്. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സീന്‍ ഡിറ്റക്ഷന്‍ സൗകര്യവും ക്യാമറയ്ക്കുണ്ട്.
256 ജിബി സ്‌റ്റോറേജുള്ള ഫോണിന് 999 യൂറോയാണ് വില. ഇത് ഏകദേശം 78,730രൂപയോളം ഇതിന് വിലവരും. ആഗോളതലത്തില്‍ ആഗസ്റ്റില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.
https://www.facebook.com/Malayalivartha