ഗൂഗിൾ ക്രോമിൽ ഓഫ്‌ലൈൻ വായനയ്ക്ക് അവസരമൊരുക്കുന്നു; പുത്തൻ സംവിധാനം അടുത്ത അപ്ഡേറ്റിൽ
ഗൂഗിള്‍ ക്രോമില്‍ ഇനി ഓഫ്‌ലൈന്‍ വായനയ്ക്കുള്ള അവസരമൊരുക്കുന്നതായി റിപ്പോർട്ടുകൾ. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ആന്‍ഡ്രോയിഡ് സ്മാർട്ഫോണുകളിൽ ഓഫ്‌ലൈന്‍ ആയി ഉള്ളടക്കങ്ങള്‍ വായിക്കാനും കാണാനുമാണ് അവസരമൊരുക്കുന്നത്.
ഇന്ത്യ, ബ്രസീല്‍, ഇന്തൊനീഷ്യ തുടങ്ങി നൂറിലധികം രാജ്യങ്ങളില്‍ ഈ പുതിയ ക്രോം അപ്‌ഡേറ്റ് ലഭിക്കും. നിലവില്‍ ലേഖനങ്ങള്‍ക്ക് മാത്രമാണ് ഓഫ്‌ലൈന്‍ സൗകര്യം ലഭിക്കുക. പുതിയ അപ്‌ഡേറ്റില്‍ ഉപയോക്താ ക്കളുടെ ലൊക്കേഷന്‍ അനുസരിച്ച് ജനപ്രിയമായ ലേഖനങ്ങള്‍ ഏതൊക്കെയാണെന്ന നോട്ടിഫിക്കേഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും.
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ളപ്പോള്‍ മാത്രമേ ലേഖനങ്ങള്‍ ഡൗണ്‍ലോഡ് ആവുകയുള്ളൂ. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്ന ലേഖനങ്ങള്‍ കണക്റ്റിവിറ്റി ഇല്ലാത്ത അവസ്ഥയിലും വായിക്കാന്‍ സാധിക്കും. അതേസമയം ഇന്റര്‍നെറ്റ് കണക്ഷനില്‍ തടസങ്ങള്‍ നേരിടുന്നയിടങ്ങളിലെ ഉപയോക്താക്കളെയാണ് പുതിയ ഫീച്ചറിലൂടെ ഗൂഗിള്‍ ക്രോം ലക്ഷ്യം വയ്ക്കുന്നത്.
വേഗത കുറഞ്ഞ നെറ്റ് വർക്കുകളില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡേറ്റ ലാഭിക്കാനും ഈ ഫീച്ചര്‍ സഹായിക്കുന്നുണ്ട്. ഉപയോക്താക്കള്‍ ഒരു പേജില്‍നിന്ന് എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് നെറ്റ്‌വർക്ക് തടസം നേരിടുന്നുണ്ടെങ്കില്‍ ഡൗണ്‍ലോഡ് പ്രക്രിയ നിര്‍ത്തിവെക്കുകയും കണക്ഷന്‍ തിരിച്ചുവരുമ്പോള്‍ അത് തുടരുകയും ചെയ്യും. ഇതോടൊപ്പം ഡൗണ്‍ലോഡ് ഓപ്ഷനും ക്രോം പരിഷ്‌കരിച്ചിട്ടുണ്ട്. ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഈ പുതിയ മാറ്റങ്ങളുണ്ടാവുക.
https://www.facebook.com/Malayalivartha