അധിക വരുമാനം ലക്ഷ്യമിട്ട് എയര്‍ ഇന്ത്യയുടെ മഹാരാജ മേക്ക് ഓവര്‍
1000 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ബോയിംഗ് വിമാനങ്ങളുടെ പരിഷ്‌കരിച്ച ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് സീറ്റുകളാണ് ഇന്നലെ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്. ഇതോടെ യാത്രക്കാരുടെ എണ്ണം 60 ശതമാനത്തില്‍നിന്ന് 80 ശതമാനമായി ഉയരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സീറ്റുകള്‍ക്കൊപ്പം കാബിന്‍ ക്രൂവിന്റെ പുതിയ യൂണിഫോമും അവതരിപ്പിച്ചു. വിമാനത്തിലെ ഭക്ഷണ മെനുവിലും മാറ്റങ്ങളുണ്ട്.
പ്രതിദിനം നാലു കോടി രൂപയാണ് അന്താരാഷ്ട്ര സര്‍വീസുകളില്‍നിന്ന് എയര്‍ ഇന്ത്യയുടെ നേട്ടം. ഇത് 6.5 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ പുതിയ രൂപമാറ്റത്തിലൂടെ കഴിയുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ. വരുമാനം ഉയര്‍ത്തി 50,000 കോടി രൂപയുടെ കടബാധ്യത കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ പ്രധാന വരുമാനമേഖല ബിസിനസ്, ഫസ്റ്റ് ക്ലാസ് കാബിനുകളാണ്. ഇതാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയെങ്കിലും യാത്രാനിരക്കുകളില്‍ മാറ്റുമുണ്ടാകില്ല.
അമേരിക്കയിലേക്കു സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പുതുക്കിയ രൂപത്തില്‍ ജൂലൈ മുതലും, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ അതിനടുത്ത മാസത്തിലും നടത്തും. പുതിയ പരിഷ്‌കാരങ്ങള്‍ കാബിനുകളും സീറ്റുകളും കൂടുതല്‍ പ്രീമിയമാക്കി. പുതിയ അന്തരീക്ഷം, മികച്ച നിശാവസ്ത്രങ്ങള്‍, കമ്പിളി പുതപ്പുകള്‍, ട്രാവല്‍ കിറ്റുകള്‍ എന്നിവയാണ് ബിസിനസ്, ഫസ്റ്റ് ക്ലാസ് കാബിനുകളിലെ പ്രധാന ആകര്‍ഷണം. പാരമ്പര്യപാശ്ചാത്യ രീതിയിലുള്ള കാബിന്‍ക്രൂ യൂണിഫോം. യാത്ര ചെയ്യുന്ന റീജണുകള്‍ക്ക് യോജിക്കുന്ന വിധത്തിലുള്ള ഭക്ഷണം. ഒപ്പം ആല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍.
https://www.facebook.com/Malayalivartha