കോഴി വിലയില്‍ വന്‍ ഇടിവ്... വില താഴ്ന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് കേരളത്തിലെ കര്‍ഷകര്‍
ഉല്‍പാദനം വര്‍ധിക്കുകയും ഉപയോഗം കുറയുകയും ചെയ്തതോടെ കോഴി വിലയില്‍ വന്‍ ഇടിവ്. കോട്ടയത്ത് 85 രൂപയാണ് ഒരുകിലോ കോഴിയുടെ വില. നേരത്തേ 75 രൂപവരെയായ വില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെറിയ തോതില്‍ വര്‍ധിക്കുകയായിരുന്നു.
തിങ്കളാഴ്ച കന്നി മാസം തുടങ്ങുന്നതോടെ കല്യാണങ്ങള്‍ അടക്കം ആഘോഷങ്ങള്‍ കുറയും. ഇത് ഇനിയും വില കുറയാന്‍ കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. മഹാപ്രളയത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ 110 രൂപ വരെയായിരുന്നു കിലോക്ക് വില. മേയില്‍ ഇത് 130 വരെയായി ഉയര്‍ന്നിരുന്നു. പ്രളയകാലത്ത് കോഴിയിറച്ചിക്ക് കാര്യമായ ചെലവുണ്ടായിരുന്നില്ല. കല്യാണങ്ങള്‍ അടക്കമുള്ളവ വ്യാപകമായി മാറ്റി. ഇതോടെ ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് ഫാം ഉടമകള്‍ തമ്മില്‍ കടുത്ത മത്സരം ഉടലെടുക്കാനും വില കുറച്ച് കോഴികളെ നല്‍കാനും കാരണമായി. കോട്ടയം ഉള്‍പ്പെടെ മധ്യകേരളത്തിലെ ഭൂരിഭാഗം ചെറുകിട കച്ചവടക്കാരും കേരളത്തിലെ വിവിധ ഫാമുകളില്‍നിന്നാണ് കോഴികളെ വാങ്ങുന്നത്. ഇതുമൂലം തമിഴ്‌ലോബി വില നിശ്ചയിക്കുന്ന പതിവ് തെറ്റി.
തമിഴ്‌നാട്ടിലും കോഴികള്‍ കെട്ടിക്കിടക്കുകയാണ്. ഇതും വില കുറയാന്‍ കാരണമായി. വില കുറഞ്ഞതോടെ വില്‍പന വര്‍ധിച്ചിട്ടുണ്ട്. മീന്‍ വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിയതോടെ കൂടുതല്‍ പേരാണ് കോഴിയിറച്ചിയെ ആശ്രയിക്കുന്നത്
അതേസമയം, വില താഴ്ന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് കേരളത്തിലെ ചെറുകിട കോഴികര്‍ഷകര്‍ പറയുന്നു. ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനമൊന്നും ലഭിക്കാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു. നേരത്തേ ജി.എസ്.ടി വന്നതോടെ കോഴിക്ക് നികുതി ഇല്ലാതായിരുന്നു. ഈ സാഹചര്യത്തില്‍ കിലോക്ക് 73 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് നടപ്പായിരുന്നില്ല.
https://www.facebook.com/Malayalivartha