അമേരിക്കന്‍ സഹായം; വിഴ്ച്ചക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ഇന്ത്യന്‍ വിപണി; ഉത്തേജ പാക്കേജ് അനുമതി വൈകുന്നു; ചാഞ്ചാടി അമേരിക്കന്‍ വിപണി; സെന്‍സെക്‌സിനും നിഫിറ്റിക്കും മുന്നേറ്റം
അതിര്‍ത്തി സംഘര്‍ഷ ഭീതിയുടെയും ഇന്ത്യന്‍ ജിഡിപി 11.6 ശതമാനം ചുരുങ്ങുമെന്ന ഫിച്ചിന്റെ പ്രസ്താവനയുടെയും മോശം യൂറോപ്യന്‍ ഓപ്പണിങ്ങിന്റെയും പശ്ചാത്തലത്തില്‍ വീണ ഇന്ത്യന്‍ വിപണി അമേരിക്കന്‍ വിപണിയുടെ പിന്‍ബലത്തിലും റിലയന്‍സിന്റെ നിക്ഷേപ സമൃദ്ധിയുടെ ആവേശത്തിലും തിരിച്ചുവന്നതാണ് കണ്ടത്. വന്‍ വീഴ്ചകള്‍ക്കു ശേഷം കഴിഞ്ഞ ആഴ്ചയിലെ ഇന്ത്യന്‍ വിപണിയുടെ തിരിച്ചു വരവ് നിക്ഷേപകര്‍ക്ക് ആശ്വാസമായി. സെന്‍സെക്‌സ് കഴിഞ്ഞയാഴ്ച 1.6 ശതമാനം മുന്നേറ്റത്തോടെ 38,854 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 171 പോയിന്റിന്റെയും സെന്‍സെക്‌സ് 646 പോയിന്റിന്റെയും മുന്നേറ്റമാണ് വ്യാഴാഴ്ച മാത്രം നേടിയത്. ഐടി, എനര്‍ജി, ഇന്‍ഫ്രാ, ഫാര്‍മ മേഖലകള്‍ നേട്ടമാഘോഷിച്ചപ്പോള്‍ ബാങ്കിങ്, എന്‍ബിഎഫ്‌സി, റിയാലിറ്റി, മെറ്റല്‍, ഓട്ടോ, മീഡിയ ഓഹരികള്‍ കഴിഞ്ഞ വാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. വിദേശനിക്ഷേപകര്‍ തിരിച്ചുവരുന്നതും ക്രൂഡ് ഓയില്‍ വില കുറയുന്നതും ഇന്ത്യന്‍ വിപണിക്ക് ആശ്വാസമാണ്.
അമേരിക്കന്‍ വിപണി കൂടുതല്‍ സ്ഥിരത കാണിക്കുമെന്ന പ്രതീക്ഷയും ബാങ്കിങ്, എന്‍ബിഎഫ്‌സി, ഓട്ടോ, ഇന്‍ഫ്രാ, എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ വാങ്ങല്‍ നടന്നേക്കാമെന്നതും റിലയന്‍സിന്റെ മുന്നേറ്റവും ഇന്ത്യന്‍ വിപണിക്ക് ഈ ആഴ്ചയും പ്രതീക്ഷയുടേതാണ്. അടിസ്ഥാനം ശക്തമായ ഓഹരികളില്‍ മാത്രം നിക്ഷേപം തുടരാന്‍ ശ്രദ്ധിക്കുക. ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ്, ടാറ്റ കണ്‍സ്യുമര്‍, മാരുതി മുതലായ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാം.
ട്രംപിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിന് സെനറ്റിന്റെ അനുമതി വൈകുന്നതിന് അനുസരിച്ച് അമേരിക്കന്‍ വിപണി ചാഞ്ചാട്ടത്തില്‍ റെക്കോര്‍ഡ് ഇട്ടുകൊണ്ടിരിക്കുകയാണ്. അഞ്ചു മാസം കൊണ്ട് ചരിത്രവളര്‍ച്ച സ്വന്തമാക്കിയ ടെക് ഓഹരികളിലെ വന്‍ചലനങ്ങളാണ് അമേരിക്കന്‍ വിപണി ചലനങ്ങള്‍ക്ക് ആധാരം. ടെസ്‌ലയെ എസ്&പി500ലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഓഹരിയുടെ 20 ശത്മാനത്തിന്റെ ഏകദിന വീഴ്ചയും, പിന്നീടുള്ള തിരിച്ചുവരവും അമേരിക്കന്‍ വിപണിയെ വല്ലാതെ സ്വാധീനിച്ചു. മോശം ജോബ് ഡേറ്റയും, ടെക് ഓഹരികളിലെ വന്‍ വീഴ്ച്ചയും അവസാന ദിവസങ്ങളില്‍ നാസ്ഡാക്കിന് നഷ്ടം സമ്മാനിച്ചു. അമേരിക്കന്‍ വിപണി അടുത്ത വാരത്തില്‍ സ്ഥിരത പുലര്‍ത്തുമെന്ന് കരുതുന്നു.
അതെ സമയം കോവിഡ് പ്രതിസന്ധി മൂലം ഏറ്റവുമധികം വരുമാനം ഇടിവുണ്ടായത് ഇന്ത്യയ്ക്കാണ്. ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തെ പണം കടമെടുക്കലിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുകയാണ്. എന്നാല്‍ വരുമാനം കുറഞ്ഞ് ചെലവുകള്‍ കുത്തനെ ഉയരുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. ധനകമ്മിയാണ് പ്രധാന വില്ലന്‍. ധനകമ്മി കുറയ്ക്കാന്‍ വിവിധ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. ഇതുവരെ 11 ലക്ഷം കോടി രൂപയുടെ പണ ലഭ്യത ആര്‍ബിഐ വിപണിയില്‍ ഉറപ്പാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha