ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് എയര്‍ടെല്‍
ഓഹരികള്‍ വഴി മൂലധനസമാഹരണത്തിനു തയാറെടുത്തു ഭാരതി എയര്‍ടെല്‍. ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് എയര്‍ടെലിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന എയര്‍ടെല്‍ ബോര്‍ഡ് യോഗം റൈറ്റ് ഇഷ്യൂ വഴി ധനസമാഹരണത്തിനു അനുമതിയും നല്‍കിയിട്ടുണ്ട്. കമ്പനി തന്നെയാണ് ഓഹരി വിപണികളെ അറിയിച്ചത്.
സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അടക്കം സ്ഥാപകര്‍ എല്ലാവരും ഓഹരികള്‍ വാങ്ങുമെന്നാണ് സൂചന. 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് തന്നെ പണം സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഓഹരിയൊന്നിന് 535 രൂപ നിരക്കിലാകും റൈറ്റ് ഇഷ്യൂ വിപണിയിലെത്തുക.
1:14 അനുപാതത്തിലാകും ഓഹരികള്‍ വിതരണം ചെയ്യുക. അതായത് നിലവില്‍ 14 എയര്‍ടെല്‍ ഓഹരികള്‍ കൈയിലുള്ള ഒരാള്‍ക്ക് ഒരു റൈറ്റ് ഇഷ്യൂ എന്ന കണക്കില്‍. അഞ്ചു രൂപയാണ് ഓഹരികളുടെ മുഖവില. സാമ്പത്തികഞെരുക്കത്തില്‍ നട്ടം തിരിയുന്ന വോഡഫോണ്‍ ഐഡിയയ്ക്കു മേല്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വോഡഫോണ്‍ ഐഡിയയുടെ 27 കോടി ഉപയോക്താക്കളെ സ്വന്തമാക്കി വിപണിയില്‍ ഒന്നാം സ്ഥാനം കൈവരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
റിലയന്‍സ് ജിയോയുടെ കടുന്നുവരവോടെയാണ് എയര്‍ടെല്‍ വിപണിയില്‍ രണ്ടാംസ്ഥാനത്തേയ്ക്കു തഴയപ്പെട്ടത്. നിലവില്‍ കമ്പനിയുടെ 55.8 ശതമാനം ഓഹരികളും പ്രൊമോട്ടറുടെ കൈകളിലാണ്. 44.09 ശതമാനം ഔഹരികളാണ് പൊതുവിപണിയിലുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ മാത്രം 38.1 ലക്ഷം ഉപയോക്താക്കളെ കൈവരിച്ച എയര്‍ടെല്ലിന്റെ മൊത്തം ഉപഭോക്തൃ ശൃംഖല 35.2 കോടിയാണ്.
വെള്ളിയാഴ്ച 588.45 രൂപയിലാണ് എയര്‍ടെല്‍ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. അവകാശ ഓഹരികള്‍ പ്രഖ്യാപിച്ചതും ഗൂഗിളിന്റെ നിക്ഷേപമെത്തിയേക്കുമെന്ന വാര്‍ത്തയും ഇന്ന് ഓഹരികളില്‍ പ്രതിഫലിക്കുമെന്നാണു വിലയിരുത്തല്‍. നിലവില്‍ 11.15 രൂപ നേട്ടത്തില്‍ 606.35 രൂപയിലാണ് എയര്‍ടെല്‍ ഓഹരികളുടെ വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 52 ആഴ്ചയിലെ മികച്ച പ്രകടനം 644.00 രൂപയാണ്.
നിലവില്‍ 1.7 ലക്ഷം കോടി രൂപയുടെ ബാധ്യതയുള്ള എയര്‍ടെല്ലിനെ സംബന്ധിച്ച് ഗൂഗിള്‍ പങ്കാളിയായെത്തുന്നത് സ്വപ്നതുല്യമാണ്. ടെക് ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് എയര്‍ടെല്ലുമായുള്ള ഗൂഗിളിന്റെ നിക്ഷേപ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നു കഴിഞ്ഞ ദിവസമാണ് വാര്‍ത്തവന്നത്.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഗൂഗിള്‍, ജിയോയില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്പനിയുടെ 7.7 ശതമാനം ഓഹരി പങ്കാളിത്വവും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ജിയോയിലെ നിക്ഷേപങ്ങള്‍ക്കു സമാനമായ നിക്ഷേപമാകും എയര്‍ടെല്ലിലും നടത്തുകയെന്നാണു കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം ഗൂഗിളും ജിയോയും തമ്മിലുള്ള പങ്കാളിത്ത കച്ചവടത്തിലെ കരാര്‍പ്രകാരം ജിയോയുടെ നിലവിലെ എതിരാളി കമ്പനികളില്‍ ഒന്നിലും ഗൂഗിളിന് നിക്ഷേപം നടത്താന്‍ ആകില്ലെന്ന വാദം വിപണികളില്‍ ശക്തമാകുന്നുണ്ട്. ഇതിനിടെയാണ് അവകാശ ഓഹരികള്‍ വഴി ധനസമാഹരണത്തിന് എയര്‍ടെല്‍ തയാറെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha