ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു... ഓഹരി വിപണിയില്‍ മുന്നേറ്റം

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു... ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണി തിരിച്ചുവന്നത് ആണ് കൂടുതല്‍ ഇടിവിലേക്ക് പോകുന്നതില്‍ നിന്ന് രൂപയെ പിടിച്ചുനിര്‍ത്തിയത്.
ഇന്നലെ 86.72ലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്. നിലവില്‍ ബാരലിന് 75 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡ് വില. അതിനിടെ ഇന്നലെ കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി നേരിയ മുന്നേറ്റത്തിലാണ്.
സെന്‍സെക്സ് 300 ഓളം പോയിന്റാണ് മുന്നേറിയത്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, എംആന്റ്എം കമ്പനികളാണ് പ്രധാനമായി മുന്നേറുന്നത്. ഇന്നലെ വിദേശനിക്ഷേപകര്‍ 6,286 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചു പോയത്.
https://www.facebook.com/Malayalivartha