ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ള ഓഹരികള്‍ക്ക് അവകാശികളില്ല
വര്‍ഷങ്ങള്‍ക്കു മുന്‍പേ വാങ്ങിയ കമ്പനി ഓഹരികളുടെ ലാഭവിഹിതം കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഏഴു വര്‍ഷം കഴിഞ്ഞാല്‍ ഡിവിഡന്റും ഓഹരിയും കമ്പനിയില്‍നിന്നു കേന്ദ്രഫണ്ടിലേക്കു മാറും. നിക്ഷേപകര്‍ക്ക് സുരക്ഷയും ബോധവല്‍ക്കരണവും നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഐഇപിഎഫ് അക്കൗണ്ടിലേക്കാണു മാറുക. കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ ഫണ്ടില്‍ നിന്നു വേണ്ടി വരും പിന്നീട് പണവും ഓഹരിയും തിരികെ ലഭിക്കാന്‍. അതു കണ്ടെത്തുക എളുപ്പവുമല്ല.
ഇന്ത്യയില്‍ വിവിധ നിക്ഷേപകരുടേതായി അവകാശികള്‍ അറിയാതെ കിടക്കുന്ന കോടിക്കണക്കിന് ഓഹരികളുണ്ടെന്നാണു കണക്ക്. അവയുടെ മൂല്യം ഒന്നരലക്ഷം കോടി രൂപയിലേറെയാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പു വാങ്ങിയതും ഓഹരി ഉടമയുടെ മരണശേഷം അവകാശികള്‍ അറിയാതെ പോയതുമാകാം. ഓഹരി ഉടമ തന്നെ താമസ സ്ഥലം മാറിയപ്പോള്‍ മറന്നു പോയതാകാം. പഴയ വീടിന്റെ വിലാസത്തില്‍ കമ്ബനിയില്‍ നിന്ന് ലാഭവിഹിതവും മറ്റും സംബന്ധിച്ച അറിയിപ്പുകള്‍ എത്തുകയും ഓഹരി ഉടമയോ അവകാശികളോ അക്കാര്യം അറിയാതെ പോവുകയും ചെയ്യുകയാണ്. പലപ്പോഴും ഡീമാറ്റ് രൂപത്തിലാക്കാത്ത പഴയ കടലാസ് ഓഹരികളാവും ഈ വിഭാഗത്തിലുള്ളത്.
ഇത്തരം വിലാസക്കാരനില്ലാത്ത ഓഹരികളുടെ ലാഭവിഹിതം കൈപ്പറ്റാനാളില്ലാതെ വരുമ്‌ബോള്‍ കമ്ബനികള്‍ ആ തുക റിസര്‍വ് ഫണ്ടിലേക്കു മാറ്റുകയായിരുന്നു പതിവ്. എന്നാല്‍ ആ !തുക സസ്‌പെന്‍സ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നു. പക്ഷേ ഏഴു വര്‍ഷമേ ചെയ്യാന്‍ കഴിയൂ. അതു കഴിഞ്ഞാല്‍ കൈപ്പറ്റാതെ കിടക്കുന്ന ലാഭവിഹിത തുക ഐഇപിഎഫിലേക്കു മാറ്റണം. ഓഹരിയും ഐഇപിഎഫിലേക്കു മാറുന്നു.
പിന്നീട് ഇങ്ങനെ ഓഹരിയുണ്ടെന്നു കണ്ടെത്തിയാലും കമ്ബനിക്കൊന്നും ചെയ്യാനാവില്ല. ഓഹരിക്കും, ലാഭവിഹിത കുടിശികയ്ക്കും ഡല്‍ഹിയിലെ ഐഇപിഫ് ആസ്ഥാന ഓഫിസിനെ തന്നെ സമീപിക്കണം. ഐഇപിഎഫിലേക്ക് മാറ്റിയ ഓഹരികളുടെ പിന്നീടുള്ള ലാഭവിഹിതവും അങ്ങോട്ടു തന്നെയാണു പോവുക, ഓഹരി ഉടമയുടെ വിലാസത്തിലേക്കല്ല. കമ്ബനിയില്‍ നിന്നു പിന്നീട് ഡിവിഡന്‍ഡ് വാറന്റോ അറിയിപ്പുകളോ ലഭിക്കുകയുമില്ല.
ഏഴു വര്‍ഷം തുടര്‍ച്ചയായി ലാഭവിഹിതം എടുക്കാതിരുന്നാല്‍ മാത്രമേ ഐഇപിഎഫിലേക്കു മാറ്റേണ്ടതുള്ളു. ഇടയ്ക്ക് ഒരു വര്‍ഷമെങ്കിലും ഓഹരിയുടമ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ മാറ്റം വേണ്ട. അങ്ങനെ മാറ്റുന്നതിനു മൂന്നു മാസം മുന്‍പ് ഓഹരിയുടമയെ കമ്ബനി അക്കാര്യം അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. പക്ഷേ വിലാസം മാറിയിട്ടുണ്ടെങ്കില്‍ അറിയിപ്പ് ഓഹരി ഉടമകളുടേയോ അവകാശികളുടേയോ കയ്യിലെത്തണമെന്നുമില്ല.
ഓഹരി വാങ്ങിയ ഗൃഹനാഥന്‍ അകാലത്തില്‍ മരിച്ചുപോകുന്നതാണ് അവകാശികള്‍ ഇങ്ങനെ ഓഹരിയുള്ള കാര്യം അറിയാതെ പോകുന്ന കേസുകളില്‍ ഭൂരിപക്ഷവും. വീടു മാറിയപ്പോള്‍ ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കാം. അവകാശികള്‍ ഓഹരിയുടമയുമായുള്ള ബന്ധവും സ്വത്തവകാശവും സംബന്ധിച്ച രേഖകളുമായി (പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് പ്രധാനം) സമീപിച്ചാല്‍ അവര്‍ക്ക് ഓഹരികളും കുടിശിക ലാഭവിഹിതവും കമ്ബനിയില്‍നിന്നു ലഭിക്കുമായിരുന്നു. പക്ഷേ ഇനി ഐഇപിഎഫിലേക്ക് ഓഹരി മാറ്റുമ്‌ബോള്‍ ഒറിജിനല്‍ വിലാസം മാറ്റി ഐഇപിഎഫിന്റെ പേരിലാവും ഓഹരികള്‍. അതോടെ അതു തപ്പിപ്പിടിക്കുക ദുഷ്‌ക്കരമാവും. അവകാശിക്ക് തിരികെ കിട്ടാന്‍ ബുദ്ധിമുട്ടേറിയ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
https://www.facebook.com/Malayalivartha