രാജ്യാന്തരവില തകര്‍ന്നടിഞ്ഞു; റബറിന്റെ ആഭ്യന്തര വിലയില്‍ വീണ്ടും വന്‍തകര്‍ച്ച, കര്‍ഷകര്‍ ആശങ്കയില്‍
രാജ്യാന്തര വിപണി തകര്‍ന്നടിഞ്ഞതിനെതുടര്‍ന്ന് റബറിന്റെ ആഭ്യന്തര വിലയില്‍ വീണ്ടും വന്‍തകര്‍ച്ച.
രാജ്യാന്തരവിപണില്‍ ഒരു ദിവസം 11.66 രൂപയുടെ തകര്‍ച്ചയുണ്ടായപ്പോള്‍ ആഭ്യന്തര വിലയിലുണ്ടായത് നാലു രൂപയുടെ കുറവ്. ഇടവേളയ്ക്കു ശേഷം വില കുറയുമെന്ന അഭ്യൂഹം പരക്കുന്നതു കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിലക്കേര്‍പ്പെടുത്തിയതാണ് ഇന്നലത്തെ അപ്രതീക്ഷിത തകര്‍ച്ചയ്ക്കു കാരണമായി പറയപ്പെടുന്നത്. വെള്ളിയാഴ്ച 127.92 രൂപയായിരുന്ന ബാങ്കോക്ക് വില ഇന്നലെ 116.27 രൂപയായി താഴ്ന്നു.
എന്നാല്‍ റബര്‍ ബോര്‍ഡിന്റെ കണക്കു പ്രകാരം ആഭ്യന്തരവില 125 രൂപയില്‍ നിന്നു 121 രൂപയിലേക്കു താഴ്ന്നു. എന്നാല്‍, കച്ചവടം നടന്നതു 119- 120 രൂപയ്ക്കായിരുന്നു. രാജ്യാന്തര വിലയിലെ തകര്‍ച്ചയ്‌ക്കൊപ്പം ആഭ്യന്തര മാര്‍ക്കറ്റില്‍നിന്നു ടയര്‍ വ്യവസായികള്‍ വിട്ടുനില്‍ക്കുകയും ചെയ്തതോടെ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് രാജ്യാന്തര വില ആഭ്യന്തര വിലയേക്കാള്‍ 15 രൂപയ്ക്കു മേല്‍ ഉയര്‍ന്നു നിന്നിരുന്നു.
ഏതാനും മാസം മുമ്പ് റബര്‍ വില 90 രൂപയിലെത്തിയപ്പോള്‍ പോലും രാജ്യാന്തര വില 10 കൂടി 100 രൂപയിലായിരുന്നു. എന്നാല്‍, ഇത്തവണ രാജ്യാന്തര വില 100 രൂപയിലും താഴുമെന്നാണു സൂചനകള്‍. ഇടവേളയിലെ തകര്‍ച്ചയ്ക്കു ശേഷം രാജ്യാന്തര വില വീണ്ടും ഉയര്‍ന്നു 200.50 രൂപയിലും ആഭ്യന്തര വില 162 രൂപയിലും എത്തിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ വില തകര്‍ന്നു തരിപ്പണമായിരിക്കുന്നത്.
സാധാരണ, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ റബര്‍ വില ഉയരാറുള്ളതാണ്. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതു ചെറുകിട, ഇടത്തരം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha