ജി.എസ്.ടി : ഹോട്ടല്‍ ഭക്ഷണത്തിന്‍മേല്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.
ഹോട്ടല്‍ ഭക്ഷണത്തിന്‍മേല്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. എ.സി ഹോട്ടലുകളിലെ ഭക്ഷണവില എട്ടു ശതമാനവും നോണ്‍ എ.സി ഹോട്ടലുകളിലെ ഭക്ഷണവില അഞ്ചു ശതമാവും കുറയ്ക്കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. അതേസമയം, വരുന്ന വ്യാഴാഴ്ചയ്ക്കകം ഇറച്ചിക്കോഴി വില കുറച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ കോഴി വിഭവങ്ങള്‍ വില്‍ക്കില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്കുമായി ഇന്നു രാവിലെ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അസോസിയേഷന്‍ നേതാക്കള്‍ തീരുമാനം പ്രഖ്യാപിച്ചത്. ബുധനാഴ്ച ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ നേതാക്കളുമായി ധനമന്ത്രി മൂന്നു വട്ടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
ജി.എസ്.ടി നടപ്പായതോടെ കോഴി ഉള്‍പ്പെടെയുളള ഇനങ്ങളുടെ നികുതി ഇല്ലാതാകുന്നതിനാല്‍, എ.സി ഹോട്ടലുകള്‍ പത്തു ശതമാനവും നോണ്‍ എ.സി ഹോട്ടലുകള്‍ അഞ്ചു ശതമാനവും വില കുറയ്ക്കണമെന്നായിരുന്നു മന്ത്രി മുന്നോട്ടുവച്ച നിര്‍ദ്ദേശം. എന്നാല്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വില കുറയ്ക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അസോസിയേഷന്‍. ജി.എസ്.ടിക്കു ശേഷവും കോഴി വില വര്‍ദ്ധിച്ച കാര്യവും ഇവര്‍ ഉന്നയിച്ചു.
എന്നാല്‍ നികുതി കുറഞ്ഞിട്ടും വില കുറയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് അസോസിയേഷന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ജി.എസ്.ടി നടപ്പാക്കിയ പശ്ചാത്തലത്തില്‍ മൂന്നു മാസത്തേക്ക് നികുതി സംബന്ധമായ ചെറിയ അപാകതകളില്‍ നടപടി ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു.
75 ലക്ഷം രൂപയില്‍ താഴെ കച്ചവടമുളള ചെറുകിട ഹോട്ടല്‍ വ്യാപാരികള്‍ക്ക് കോമ്പൗണ്ടിംഗ് ചാര്‍ജ്ജ് അഞ്ചു ശതമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും മന്ത്രി ഉറപ്പ് നല്‍കി. നഷ്ടം സഹിച്ചുകൊണ്ടാണ് ഡിസ്‌കൗണ്ട് നല്‍കുന്നെന്നും രാജ്യത്തെ പൊതു നികുതി വ്യവസ്ഥയോട് സഹകരിച്ചുപോകാനാണ് എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുളളതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു.
https://www.facebook.com/Malayalivartha