രാസവളം വില്‍ക്കുന്നതിനും ആധാര്‍ വേണം
രാസവളം വില്‍ക്കുന്നതിന് ആധാര്‍ വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ കര്‍ഷകരെ വലയ്ക്കുമെന്ന് ആശങ്ക. വളം സബ്‌സിഡി ആധാറുമായി ബന്ധിപ്പിച്ചു കര്‍ഷകര്‍ക്കു നേരിട്ടു ബാങ്ക് അക്കൗണ്ടുകളിലേക്കു നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണു പുതിയ നിബന്ധനകള്‍. ഇപ്പോള്‍, രാസവള നിര്‍മാതാക്കള്‍ക്കാണു സബ്‌സിഡി നല്‍കുന്നത്. അതേസമയം കര്‍ഷകര്‍ക്കു നേരിട്ടു സബ്‌സിഡി ലഭിക്കുന്നതിനുള്ള സംവിധാനം തുടക്കത്തിലുണ്ടാകില്ല.
ഭാവിയില്‍ വളം വാങ്ങുന്നതിനു പരിധിയും നിശ്ചയിച്ചേക്കാം. എത്രത്തോളം കൃഷിസ്ഥലം ഉണ്ടെന്നതിനെ അടിസ്ഥാനമാക്കിയാകും വളം ലഭ്യത നിശ്ചയിക്കുക. രാസവളത്തിന് അമിത വില ഈടാക്കുന്നതു തടയാന്‍ പുതിയ നിബന്ധനകള്‍ക്കു കഴിയുമെന്നതാണു കര്‍ഷകര്‍ക്കുള്ള പ്രധാന നേട്ടം. തിരഞ്ഞെടുത്ത ജില്ലകളില്‍ മാത്രമാണു തുടക്കത്തില്‍ പുതിയ സംവിധാനം നടപ്പാക്കുക. കേരളത്തില്‍ എറണാകുളം ജില്ലയ്ക്കാണ് ആദ്യ ഊഴം.
കേരളം ഒഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളിലും ആധാര്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായിട്ടുമില്ല. പ്രത്യേകിച്ചും, ഗ്രാമീണ കാര്‍ഷിക മേഖലകളില്‍. വളത്തിന്റെ വില നേരിട്ടു പണമായി കൊടുക്കുന്നതിനു പകരം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളിലൂടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു നല്‍കാനാണു നിര്‍ദേശം. സാധാരണ കര്‍ഷകര്‍ക്ക് ഇത്തരം നിബന്ധനകള്‍ പ്രയാസമുണ്ടാക്കുമെന്നാണു വളം നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും ആശങ്ക.
https://www.facebook.com/Malayalivartha