ജിഎസ്ടി നിലവില്‍ വന്നതോടെ സര്‍ക്കാരിനു ലോട്ടറിയില്‍ നിന്നുളള ലാഭം കുറയും
ജിഎസ്ടി നിലവില്‍ വന്നതോടെ സംസ്ഥാന സര്‍ക്കാരിനു ലോട്ടറിയില്‍ നിന്നുളള ലാഭം 600 കോടി രൂപയിലേറെ കുറയുമെന്നാണ് വിലയിരുത്തല്‍. ലോട്ടറിയില്‍ നിന്നുള്ള വരുമാനത്തിന്റെ ആറു ശതമാനം തുക ഇനി കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടിവരും. പ്രതിവര്‍ഷം 10,000 കോടി രൂപയോളമാണു ലോട്ടറിയില്‍ നിന്നുള്ള വരുമാനം. ഇതില്‍, ശരാശരി 2000 കോടി രൂപയാണു സര്‍ക്കാരിനു ലാഭം ലഭിച്ചിരുന്നത്. ഇതില്‍, 600 കോടി രൂപ ഇനിമുതല്‍ ജിഎസ്ടി ഇനത്തില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കേണ്ടിവരും.
ജിഎസ്ടി വരുന്നതോടെ ഇതരസംസ്ഥാന ലോട്ടറികളുടെ കടന്നുവരവു നിയന്ത്രിക്കാന്‍ ടിക്കറ്റ് വില 30 രൂപയായി കുറച്ചതും സമ്മാനങ്ങളുടെ എണ്ണം കൂട്ടിയതും മൂലമുള്ള വരുമാനനഷ്ടം കൂടി കണക്കിലെടുത്താല്‍ ലാഭത്തില്‍ 800 കോടിയോളം രൂപയുടെ കുറവുണ്ടാകും. ലാഭത്തിലുണ്ടാകുന്ന കുറവു പരിഹരിക്കാനാണ് ഏജന്‍സി കമ്മിഷന്‍ കുറച്ചത്. നേരത്തേ, ആഴ്ചയില്‍ ഒരു ലോട്ടറി മാത്രമുണ്ടായിരുന്ന കാലത്താണു കമ്മിഷന്‍ നിരക്ക് ഉയര്‍ത്തിയത്.
വന്‍കിട ഏജന്‍സികളുടെ കമ്മിഷന്‍ 28 ശതമാനത്തില്‍ നിന്ന് 25.25 ശതമാനമായാണു കുറച്ചത്. പതിനായിരം ടിക്കറ്റിനു മുകളില്‍ ഒന്നിച്ചു വാങ്ങി വില്‍പന നടത്തുന്നവരാണ് ഈ വിഭാഗത്തില്‍ വരുന്നത്.2000നും 10000നും ഇടയില്‍ ടിക്കറ്റ് വില്‍ക്കുന്ന ഇടത്തം ഏജന്‍സികളുടെ കമ്മിഷന്‍ 27 ശതമാനത്തില്‍ നിന്ന് 24.5 ശതമാനമായും 2000ല്‍ താഴെ ടിക്കറ്റ് വാങ്ങുന്ന ചെറുകിട ഏജന്‍സികളുടെ കമ്മിഷന്‍ 26ല്‍ നിന്ന് 24 ശതമാനമായുമാണു കുറച്ചത്.
ഏജന്‍സി ഉടമകളുമായി മന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചകളിലാണു കമ്മിഷന്‍ കുറയ്ക്കാന്‍ ധാരണയായത്. നേരത്തേ കാരുണ്യ ലോട്ടറിക്ക് 30 ശതമാനം കമ്മിഷന്‍ തുക നല്‍കിയിരുന്നതും 25.25 ശതമാനമായി കുറച്ചു. ഒരു ടിക്കറ്റിന്റെ നിരക്കായ 30 രൂപയില്‍, മുഖവില 26.8 രൂപയും ജിഎസ്ടി 3.2 രൂപയുമായാണു ക്രമീകരിച്ചത്. ജിഎസ്ടിയില്‍ 1.6 രൂപ വീതം സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ലഭിക്കും. ഫലത്തില്‍, ഓരോ ടിക്കറ്റിനും 1.6 രൂപ വീതം സംസ്ഥാന സര്‍ക്കാരിനു നഷ്ടമാകും.
https://www.facebook.com/Malayalivartha