സേവന നികുതിയുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയില്‍ ആശങ്ക
ടൂറിസം മേഖല സേവന നികുതിയുമായി ബന്ധപ്പെട്ട് പരക്കെ ആശങ്കയിലാണ്. ചെറുകിട ഹോട്ടലുകള്‍ക്കും മറ്റും നികുതിയില്‍ നേരിയ ആശ്വാസം ലഭിച്ചെങ്കിലും ഇടത്തരം, വന്‍കിട ഹോട്ടലുകള്‍ക്കു നികുതിയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. നേരത്തേ 1000 രൂപയ്ക്കു മുകളില്‍ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 10% ആഡംബര നികുതിയും 9% സേവന നികുതിയുമാണു ചുമത്തിയിരുന്നത്. ജിഎസ്ടി വന്നതോടെ ഹോട്ടല്‍ മുറികളെ മൂന്നു വിഭാഗങ്ങളാക്കി 1000 രൂപ മുതല്‍ 2500 രൂപവരെ നിരക്കുള്ള മുറികള്‍ക്ക് 12%, 2500-7500 രൂപയുള്ള മുറികള്‍ക്ക് 18%, 7500നു മുകളില്‍ നിരക്കുള്ളവയ്ക്ക് 28% എന്നിങ്ങനെയാണു പുതിയ നികുതി.
പാക്കേജ് ടൂര്‍ ആണെങ്കില്‍ 5% നികുതി വേറെയും നല്‍കണം. പാക്കേജ് ടൂറിന്റെ ഭാഗമായി വന്‍കിട ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരി ആകെ 33% നികുതി നല്‍കണം. ഹോം സ്‌റ്റേകള്‍ക്കു നേരത്തേ 0.5% ആയിരുന്നു നികുതി. പ്രതിവര്‍ഷം 20 ലക്ഷത്തിനു മേല്‍ വരുമാനമുള്ള ഹോം സ്‌റ്റേകള്‍ക്കും ജിഎസ്ടി പ്രകാരം ഹോട്ടലിനു സമാനമായ നികുതി നിരക്ക് നല്‍കണം. ഇതോടൊപ്പം ടൂര്‍ പാക്കേജുകള്‍ക്കു പ്രത്യേക നികുതിയും നല്‍കേണ്ടി വരുന്നതോടെ ഇരട്ടനികുതിയാകുന്നുവെന്ന പരാതി ഉയര്‍ന്നു. പ്രസിദ്ധീകരിക്കുന്ന നിരക്കിനനുസരിച്ചു ഹോട്ടല്‍ മുറികള്‍ക്കു നികുതി നല്‍കണമെന്ന നിര്‍ദേശവും തിരിച്ചടിയായി. ഇതെല്ലാം ഇങ്ങോട്ടുള്ള സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നു.
ഹോട്ടലുകളിലും മറ്റും മുറികള്‍ക്കു നിശ്ചയിച്ച നിരക്കില്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടും ടൂര്‍ ഏജന്റുമാര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമൊക്കെ ഇളവുകള്‍ നല്‍കാറുണ്ട്. നേരത്തേ ഈ ഇളവ് കഴിച്ചുള്ള നിരക്കിനാണു നികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി വന്നതോടെ പ്രഖ്യാപിതനിരക്കിനനുസരിച്ചു നികുതി നല്‍കണം. ഇത് പിന്നീട് രേഖകള്‍ ഹാജരാക്കി തിരികെ വാങ്ങാമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നു ടൂറിസം വ്യവസായികള്‍ പറയുന്നു. വഞ്ചിവീടുകള്‍ക്ക് നേരത്തേ 9% ആയിരുന്നു നികുതി. മിക്ക വഞ്ചിവീടുകളിലും പാക്കേജ് ആയാണു വാടക ഈടാക്കുന്നത്. പാക്കേജ് നിരക്ക് 7500 രൂപയ്ക്കും മുകളിലായതിനാല്‍ 28% നികുതി നല്‍കേണ്ട അവസ്ഥയിലാണവര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിക്കും മറുപടി ലഭിച്ചിട്ടില്ല
https://www.facebook.com/Malayalivartha