ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്ക്
ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണ് ഇത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ 0.90 ശതമാനമായി കുറഞ്ഞു. മേയ് മാസത്തില്‍ 2.17 ശതമാനമായിരുന്നു പണപ്പെരുപ്പം. 2016 ജൂണില്‍ 0.09 ശതമാനവും. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിനു പിന്നാലെ മൊത്തവില സൂചികയും താഴ്ന്നതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും.
സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താന്‍ വായ്പാ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആര്‍.ബി.ഐ.യുടെ മേല്‍ ഇപ്പോള്‍ തന്നെ സമ്മര്‍ദമുണ്ട്. ആര്‍.ബി.ഐ. ഈ വര്‍ഷം ഇതുവരെ നിരക്കുകള്‍ കുറച്ചിട്ടില്ല. മേയ് മാസം രാജ്യത്ത് വ്യവസായ ഉത്പാദന വളര്‍ച്ച 1.7 ശതമാനമായി താഴ്ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന റീട്ടെയില്‍ പണപ്പെരുപ്പം റെക്കോഡ് താഴ്ചയാണ് രേഖപ്പെടുത്തിയത്. ജൂണിലെ റീട്ടെയില്‍ പണപ്പെരുപ്പം 1.54 ശതമാനം മാത്രമാണ്.
ഭക്ഷ്യവിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പം താഴാന്‍ ഇടയാക്കുന്നത്. മൊത്തവില സൂചികയില്‍ ഭക്ഷ്യോത്പന്ന വില മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.47 ശതമാനം ഇടിഞ്ഞു. പച്ചക്കറി വിലയാകട്ടെ 21.16 ശതമാനം കൂപ്പുകുത്തി. ഉരുളക്കിഴങ്ങ് വിലയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത് 47.32 ശതമാനം. പയര്‍ വര്‍ഗങ്ങളുടെ വില 25.47 ശതമാനം ഇടിഞ്ഞു. സവാള വിലയില്‍ 9.47 ശതമാനം ഇടിവുണ്ടായി.
https://www.facebook.com/Malayalivartha