ഓണത്തിന് സപ്ലൈകോ 1400 ചന്തകള്‍ തുടങ്ങും
ഇത്തവണത്തെ ഓണം വിലകയറ്റമില്ലാതെ ആഘോഷിക്കാം അതിനായി സപ്ലൈകോ 1400 ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഓണത്തിന് അരി ക്ഷാമം പരിഹരിക്കാനായി 7000 ക്വിന്റല്‍ അരി എത്തിക്കാന്‍ ആന്ധ്ര സര്‍ക്കാരുമായി ധാരണയായിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന് സാവകാശം നല്‍കാതിരുന്നതിനാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഡേറ്റയാണ് റേഷന്‍ മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ ഉപയോഗിച്ചത്. പട്ടികയെച്ചൊല്ലിയുള്ള പരാതികള്‍ക്കു പ്രധാന കാരണം ഇതാണ്.
ഡേറ്റ തയാറാക്കിയതിലെ മാനദണ്ഡങ്ങളില്‍ അപാകതയുണ്ടായിരുന്നു. ഇതു പരിഹരിച്ചു വരുന്നു. പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഒട്ടേറെ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അര്‍ഹരായ ആയിരങ്ങള്‍ പുറത്തുമാണ്. അനര്‍ഹരെ പുറന്തള്ളാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നേരത്തെ ബിപിഎല്‍ ആയിരുന്ന, പുതിയ ലിസ്റ്റില്‍ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ ആശങ്കപ്പെടേണ്ടതില്ല, വൈകാതെ അവരെ മുന്‍ഗണനാ പട്ടികയില്‍ ചേര്‍ക്കും. റേഷന്‍കാര്‍ഡ് വിതരണം 90 ശതമാനം പൂര്‍ത്തിയായി.
പൊതുവിതരണ സംവിധാനത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സുതാര്യത കൊണ്ടുവരാന്‍ എല്ലാ റേഷന്‍ കടകളിലും ഇ പോസ് മെഷീനുകള്‍(ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) സ്ഥാപിക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഉപഭോക്താവിന്റെ വിരലടയാളമുപയോഗിച്ചാകും സാധനകൈമാറ്റം രേഖപ്പെടുത്തുക. പൊതുവിതരണ ശൃംഖലയില്‍നിന്ന് ഇടത്തട്ടുകാരെ പൂര്‍ണമായി ഒഴിവാക്കി റേഷന്‍ കടകളില്‍ ധാന്യങ്ങള്‍ നേരിട്ടു എത്തിക്കുന്ന രീതി തുടങ്ങിയതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha