കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ നല്‍കാനുള്ള നീക്കവുമായി റിലയന്‍സ് ജിയോ
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ നല്‍കുന്നു എന്ന സന്തോഷവാര്‍ത്തയുമായാണ് റിലയന്‍സ് ജിയോ ഇപ്പോ രംഗത്തെത്തിയിരിക്കുന്നത്. സൗജന്യ ഫീച്ചര്‍ ഫോണ്‍ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. മൂന്ന് കോടിയോളം വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ നല്‍കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് റിലയന്‍സിന്റെ റിലന്‍സ് ഇന്‍ഫോകോം നിര്‍ദേങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ സുതാര്യമായി നടപ്പിലാക്കുമെന്നാണ് എച്ച്ആര്‍ഡി മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. നിര്‍ദേശം സ്വീകരിച്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക. കേന്ദ്ര മാനവവിഭവ ശേശഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 ടെക്‌നിക്കല്‍ നോണ്‍ ടെക്‌നിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളായിരിക്കും റിലയന്‍സ് ജിയോയുടെ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ജൂണ്‍ മാസത്തിലാണ് രാജ്യത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് സംബന്ധിച്ച നിര്‍ദേശവുമായി റിലയന്‍സ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. ഇതോടെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി വൈഫൈ സംവിധാനം ലഭ്യമാകും. ഇതിന് പുറമേ നാഷണല്‍ നോളജ് നെറ്റ് വര്‍ക്കിന്റെ സ്വയം പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ കോഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് ടെലികോം കമ്പനിയില്‍ നിന്ന് ഇക്കരമൊരു ഓഫര്‍ ലഭിക്കുന്നത് ആദ്യമായാണെന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയ്ക്ക് വേണ്ടി റിലയന്‍സ് ജിയോ യാതൊരു തരത്തിലും പണം ഈടാക്കുന്നില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്. എന്നാല്‍ വിഷയത്തില്‍ റിലയന്‍സ് ജിയോ പ്രതിനിധികളുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ആഗസ്ത് 31ഓടെ രാജ്യത്തെ 38 സര്‍വ്വകലാശാലകളില്‍ വൈഫൈ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha