ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപ മൂല്യം 20 ലക്ഷം കോടി രൂപ
ഓഹരി വിപണിയിലെ കുതിപ്പ് നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് അടുപ്പിക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ മ്യൂച്വല്‍ ഫണ്ടുകളും കൂടി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 20 ലക്ഷം കോടി രൂപയ്ക്കടുത്തെത്തി. ജൂലൈ 31ലെ കണക്ക് പ്രകാരം നിക്ഷേപ മൂല്യം 19.97 ലക്ഷം കോടി രൂപയാണ്. ജൂണ്‍ അവസാനം ഇത് 18.96 ലക്ഷം കോടി രൂപയായിരുന്നു. നിക്ഷേപകരില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയെത്തിയതും ഓഹരി വിലകള്‍ കുതിച്ചുയര്‍ന്നതുമാണ് നിക്ഷേപമൂല്യം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ സഹായിച്ചത്.
ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തം നിക്ഷേപ മൂല്യം ഏഴു ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ഇത് റെക്കോര്‍ഡാണ്. ജൂലൈ മാസത്തില്‍ 12,727 കോടി രൂപയുടെ നിക്ഷേപമാണ് പുതുതായി ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ ചരിത്രത്തില്‍ ഒരു മാസം കൊണ്ടുണ്ടാകുന്ന നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം. 2008 ജനുവരിയില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്ക് ഒഴുകിയ 13,678 കോടിയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.
നിക്ഷേപത്തിന്റെ 65 ശതമാനം ഓഹരികളിലും ശേഷിച്ചത് കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ബാലന്‍സ്ഡ് ഫണ്ടുകളിലേക്ക് ജൂലൈ മാസത്തില്‍ 17,000 കോടി രൂപയാണ് പുതുതായി എത്തിയത്. ഇന്‍കം ഫണ്ടുകളും ബാലന്‍സ്ഡ് ഫണ്ടുകളും അടക്കം എല്ലാത്തരം മ്യൂച്വല്‍ ഫണ്ടുകളും കണക്കിലെടുത്താന്‍ ജൂലൈയില്‍ 63,504 കോടി രൂപയുടെ അറ്റ നിക്ഷേപമുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കെടുക്കുമ്പോള്‍ അറ്റ നിക്ഷേപം 1.86 ലക്ഷം കോടി രൂപയാണ്. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ ഇത് 60,617 കോടിയും.
മ്യൂച്വല്‍ ഫണ്ട് എന്ന നിക്ഷേപ മാര്‍ഗത്തെക്കുറിച്ചുള്ള അവബോധം കൂടുന്നതും പ്രതിമാസതവണകളായി (എസ്.ഐ.പി.) നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയതും ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. 1.45 കോടി അക്കൗണ്ടുകളാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനി(എസ്.ഐ.പി.)ല്‍ ഉള്ളത്. ഇതിലൂടെ പ്രതിമാസം ശരാശരി 5,000 കോടി രൂപ നിക്ഷേപമായി എത്തുന്നു.
നിലവില്‍ 55 ലക്ഷത്തോളം പേരാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത്. 2025 ഓടെ ഇത് 1.30 കോടിയിലേക്ക് ഉയര്‍ത്താനാണ് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം ലക്ഷ്യമിടുന്നത്. കൈകാര്യം ചെയ്യുന്ന ആസ്തിയാകട്ടെ ഈ കാലയളവില്‍ 95 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശ്യം.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ താരതമ്യേന ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങളിലേക്ക് നിക്ഷേപകര്‍ തിരിയുമെന്ന് ഉറപ്പാണ്. ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിനായിരിക്കും.
https://www.facebook.com/Malayalivartha