ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 331 കമ്പനികളുടെ ഒാഹരി വ്യാപാരം നിർത്തിവയ്ക്കാൻ ‘സെബി’ നിർദേശം
ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 331 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഓഹരി വിപണികൾക്ക് നിർദേശം നൽകി. ഈ കമ്പനികളെ വ്യാപാരം നടത്തുന്നതിൽ നിന്നു വിലക്കിയിട്ടുമുണ്ട്. ഇവയെ 'ഷെൽ' കമ്പനികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക്രമക്കേടിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി ഒരു മറയായി ഇൗ കമ്പനികളെ ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്നവയെയാണ് ഈ വിഭാഗത്തിൽപ്പെടുത്തുന്നത്. ഇൗ കമ്പനികളിലായി ഒാഹരിയുടമകൾക്ക് 9,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഷെൽ കന്പനികൾക്കെതിരെ സെബി നടപടി ശക്തമാക്കിയത് ഒാഹരി വിപണിയിലും പ്രതിഫലിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സെബിയുടെ നിർദേശം വന്നത്. കഴിഞ്ഞ ഏതാനും ദിവസമായി 10,000 ത്തിനു മുകളിലായിരുന്നു നിഫ്റ്റി. ചൊവ്വാഴ്ച 78.85 പോയിന്റ് താഴ്ന്ന് 9,978ൽ വ്യാപാരം അവസാനിപ്പിച്ചു.സെൻസെക്സ് ചൊവ്വാഴ്ച 259.48 പോയിന്റ് താഴ്ന്ന് 32,014-ൽ വ്യാപാരം അവസാനിച്ചു.
കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മാസത്തേക്ക് ഈ കമ്പനികളുടെ ഓഹരികൾ ഓഹരി വിപണിയിൽ ലഭ്യമാകില്ല. ഇൗ കമ്പനികളുടെ ഓഹരി വ്യാപാരം നിർത്തിവച്ചതായും സെബി അറിയിച്ചു.
എടിഎൻ ഇന്റർനാഷണൽ, അൽക്ക ഇന്ത്യ, ബിർള കോട്‌സിൻ, ബ്ലൂ ചിപ് ഇന്ത്യ, എആർഎസ്എസ് ഇൻഫ്രാ, ജെ കുമാർ ഇൻഫ്രാപ്രൊജക്റ്റസ്, പിൻകോൺ സ്പിരിറ്റ്, ആർഇഐ ആഗ്രോ, തുടങ്ങിയ 331 കമ്പനികൾക്കാണ് ‘സെബി’യുടെ വിലക്ക്.
https://www.facebook.com/Malayalivartha