ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 200 കമ്പനികളെ പുറത്താക്കുന്നു
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ലിസ്റ്റില്‍ ഉള്‍പ്പെട്ട 200 കമ്പനികളെ ഓഹരി വ്യാപാരത്തില്‍ നിന്ന് ഇന്നുമുതല്‍ പുറത്താക്കും. ഡീലിസ്റ്റ് ചെയ്യപ്പെടുന്ന ഈ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് 10 വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും. രാസവസ്തുക്കള്‍, വളങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫിനാന്‍സ്, ടെക്‌സ്‌റ്റൈല്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ ഡീലിസ്റ്റ് പട്ടികയിലുണ്ട്.
മൂന്ന് വ്യത്യസ്ത സര്‍ക്കുലറുകളിലാണ് ബിഎസ്ഇ ഡീ ലിസ്റ്റ് പ്രഖ്യാപിച്ചത്. 117 കമ്പനികളുടെ ഡീലിസ്റ്റ് 10 വര്‍ഷത്തിലേറെ തുടരുമെന്നാണ് ആദ്യത്തെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ ഡീലിസ്റ്റ് റെഗുലേഷന്‍സ് പ്രകാരം ഈ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് ബിഎസ്ഇ നിയോഗിച്ച സ്വതന്ത്ര മൂല്യനിര്‍ണയിതാവ് നിശ്ചയിക്കുന്ന ന്യായവിലയുടെ അടിസ്ഥാനത്തില്‍ മാത്രമേ പൊതു ഓഹരിയുടമകളില്‍ നിന്ന് ഓഹരികള്‍ വാങ്ങാന്‍ സാധിക്കുവെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഒരു ദശാബ്ദത്തിലേറെ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ള കമ്പനികളെ കുറിച്ചാണ് രണ്ടാമത്തെ സര്‍ക്കുലറില്‍ പറയുന്നത്. ഈ കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) യില്‍ നിന്ന് നിര്‍ബന്ധിത വിലക്ക് നേരിടുന്നതിന് പിന്നാലെ ബിഎസ്ഇ നടപടിക്കൊരുങ്ങുന്ന 55 കമ്പനികളെക്കുറിച്ചാണ് മൂന്നാമത്തെ സര്‍ക്കുലറില്‍ പറയുന്നത്.
കമ്പനികള്‍ ഡീ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ ഇവയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, ഗ്രൂപ്പ് കമ്പനികള്‍ എന്നിവയെ 10 വര്‍ഷത്തേക്ക് ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു.
സാമ്പത്തിക ക്രമക്കേടിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി മറയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 331 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെബി ഓഹരി വിപണികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ 200 കമ്പനികളെ ഓഹരി വ്യാപാരത്തില്‍ നിന്ന് ബിഎസ്ഇ പുറത്താക്കുന്നത്. വിലക്ക് നേരിട്ട 331 ഷെല്‍ കമ്പനികളില്‍ ചിലത് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു.
https://www.facebook.com/Malayalivartha