അസംസ്‌കൃത റബറിന്റെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന
അസംസ്‌കൃത റബറിന്റെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വന്‍കിട ടയര്‍ കമ്പനികളുടെയും റബര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെയും സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്രവാണിജ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് സൂചന.
റബറിന്റെ ആഭ്യന്തരവില ഉയര്‍ത്താനുള്ള നടപടിയൊന്നും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കവും എടുത്തുകളയുന്നതോടെ രാജ്യത്തെ ചെറുകിട കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാകും. വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകരെ പുതിയ തീരുമാനം കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
നിലവില്‍ 35 ശതമാനമാണ് റബറിന്റെ ഇറക്കുമതിച്ചുങ്കം. ഇതില്‍ മൂന്നുശതമാനം വീതം എക്‌സൈസ് സെസും കസ്റ്റംസ് സെസുമാണ്. നാല് ശതമാനം സി.വി.ഡിയുമാണ്. ഇതൊക്കെ ഒഴിവാക്കി ഇറക്കുമതിക്കുള്ള തടസ്സങ്ങള്‍ നീക്കണമെന്നാണ് ടയര്‍ ലോബിയുടെ ആവശ്യം. നിലവില്‍ യഥേഷ്ടം ഇറക്കുമതി തുടരുമ്പോഴാണ് ഇറക്കുമതിച്ചുങ്കം തന്നെ ഇല്ലാതാക്കാന്‍ അവസരമൊരുങ്ങുന്നത്. നിലവില്‍ അടക്കക്കും കുരുമുളകിനുംവരെ അടിസ്ഥാന വില പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ റബറിന് മാത്രം അടിസ്ഥാനവില പ്രഖ്യാപിക്കാത്തത് ടയര്‍ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന ആക്ഷേപം ഇന്‍ഫാം അടക്കം കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു. സ്‌പൈസസ് ബോര്‍ഡിന്റെ ഇടപെടലായിരുന്നു കുരുമുളകിന്റെ അടിസ്ഥാനവില പ്രഖ്യാപനത്തിനു സഹായകമായത്.
എന്നാല്‍, റബര്‍ ബോര്‍ഡ് ഇതിന് ഒരുശ്രമവും നടത്തുന്നില്ല. വിലയിടിവില്‍ നട്ടംതിരിയുന്ന റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള പുതിയ പദ്ധതികളും ബോര്‍ഡിനില്ല. വില 150 രൂപയില്‍ എത്തിക്കാനുള്ള വിലസ്ഥിരത പദ്ധതിയും മുടങ്ങി. റബറിന്റെ ഇറക്കുമതി നിരോധിക്കണമെന്ന ആവശ്യം കര്‍ഷകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. റബര്‍കൃഷി പ്രോത്സാഹനത്തിനുള്ള പദ്ധതികളും കേന്ദ്രത്തിനു മുന്നില്‍ ഇല്ല. സബ്‌സിഡിയടക്കം ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളും സജീവമാണ്.ഇതിനിടെയാണ് ഇറക്കുമതിച്ചുങ്കം കൂടി ഇല്ലാതാക്കി ടയര്‍ ലോബിയെ സഹായിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
റബറിന്റെ ഇറക്കുമതിച്ചുങ്കം എടുത്തുകളയാനുള്ള കേന്ദ്രനീക്കത്തെ ശക്തമായ പ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് ഇന്‍ഫാം സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റിയനും കര്‍ഷക സംഘടന നേതാക്കളും മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha