ഒറ്റദിവസം 1600 പോയിന്റ് ഇടിഞ്ഞ ഡൗ ജോണ്‍സ് ലോകത്തെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലാക്കുമോ? എണ്ണവിലയും വീണു; പത്തുകൊല്ലത്തിനിടെ ഉണ്ടായ രണ്ടാമത്തെ പ്രതിസന്ധിയില്‍ സ്തംഭിച്ച് ലോകവിപണി
ആഗോളരംഗത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വെളിപ്പെടുത്തിക്കൊണ്ട് അമേരിക്കയിലെ ഇന്‍ഡസ്ട്രിയല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ഇന്‍ഡക്‌സായ ഡൗ ജോണ്‍സ് ഒറ്റദിവസം കൊണ്ട് 1200 പോയന്റ് ഇടിഞ്ഞു. 2.18 ശതമാനം ഇടിവാണ് ഡൗ ജോണ്‍സിലുണ്ടായത്. ലോകം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന സൂചനകളാണ് എല്ലായിടത്തും. 2008-ലെ ആഗോളമാന്ദ്യമുണ്ടാക്കിയ തകര്‍ച്ചയില്‍നിന്ന് ലോകസാമ്പത്തികരംഗം പൂര്‍ണ്ണമായും കരകയറിയിട്ടില്ല,അതിനിടെ മറ്റൊരു ആഘാതം കൂടിവന്നാല്‍ എങ്ങനെ നേരിടുമെന്ന ആശങ്ക വ്യപകമാണ്.
വെള്ളിയാഴ്ച മുതല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ തുടര്‍ന്നിരുന്ന തണുപ്പന്‍ പ്രതികരണമാണ് തിങ്കളാഴ്ച കനത്ത ആഘാതമുണ്ടാക്കിയത്. വെള്ളിയാഴ്ച 2.5 ശതമാനം ഇടിവാണ് ഉണ്ടായത്. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്ന ദിവസം വാള്‍സ്ട്രീറ്റിലുണ്ടായ തകര്‍ച്ചയ്ക്കുശേഷം ഓഹരി വിപണിയിലുണ്ടായ ഏറ്റവും മോശം ദിവസമായി മാറി ഇക്കഴിഞ്ഞ തിങ്കളാഴ്ച. ഓഹരി വിപണിയിലെ തുടര്‍ച്ചയായ തകര്‍ച്ച നിക്ഷേപകര്‍ക്കിടയിലും കനത്ത ആശങ്ക വിതച്ചിട്ടുണ്ട്.
2015 ഓഗസ്റ്റിനുശേഷം ഡൗ ജോണ്‍സില്‍ ഇങ്ങനെ തുടരെ രണ്ടുദിവസം വീഴ്ചയുണ്ടായിട്ടില്ല. അതാണ് നിക്ഷേപകരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്. തിങ്കളാഴ്ച രാവിലെ വിപണി അല്‍പ്പം നഷ്ടം നികത്തിയിരുന്നു, അപ്രകാരം കരകയറുമെന്ന തോന്നലുണ്ടാക്കിയശേഷം പക്ഷേ വീണ്ടും തകര്‍ന്നടിയുകയായിരുന്നു. പലിശനിരക്കിലെ വര്‍ധനയാണ് നിക്ഷേപകരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിലാക്കിയതെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍, ഭൂരിപക്ഷം പേരും ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായായാണ് കരുതുന്നത്.
ഇതിനു മുമ്പ് ഡൗ ജോണ്‍സില്‍ ഇപ്രകാരമൊരു വീഴ്ച 2008-ലെ സാമ്പത്തിക മാന്ദ്യം രൂക്ഷമായ കാലത്താണ് സംഭവിച്ചത്. അന്ന് അമേരിക്കന്‍ ബാങ്കുകളെ രക്ഷിക്കുന്നതിനായി മുന്നോട്ടുവെച്ച 700 ബില്യണ്‍ ഡോളറിന്റെ പാക്കേജ് ഭരണകൂടം നിരസിച്ചതോടെയാണ് ഡൗ ജോണ്‍സ് തകര്‍ന്നടിഞ്ഞത്. തിങ്കളാഴ്ചത്തെ ക്ഷീണത്തിന്റെ പ്രതിഫലനം മറ്റ് ഓഹരി വിപണികളിലും ഉണ്ടായി. എസ് ആന്‍ഡ് പി 500-ല്‍ 3.8 ശതമാനവും നാസ്ദാഖില്‍ 3.7 ശതമാനവുമാണ് വീഴ്ച സംഭവിച്ചത്.
എന്നാല്‍,ഡൗ ജോണ്‍സിലെ തകര്‍ച്ച കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് രാജ് ഷാ പറഞ്ഞു.വിപണിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ ഉല്‍ക്കണ്ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക്, ഉറച്ച അടിത്തറയുള്ള അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ദീര്‍ഘകാലസ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ടുതന്നെയാണ് കുതിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha