സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാണാനോ നിങ്ങളുടെ ആഗ്രഹം? എങ്കിൽ ഇനി ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ കോഴ്സ് പഠിക്കാം... സമയം പാഴാക്കാതെ ഉടനെ അപേക്ഷിക്കു
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാണാനോ നിങ്ങളുടെ ആഗ്രഹം പൂവണിയാൻ ഇതാ ഒരു സുവർണ്ണാവസരം. കേരളത്തിലെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ അധ്യാപക പരിശീലനത്തിന് അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. .പഴയ ടിടിസി/ഡിഎഡ് എന്ന പേരുമാറ്റിയതാണ് ഇപ്പോൾ അറിയപ്പെടുന്ന 2–വർഷ D.El.Ed (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ ) കോഴ്സ്. സർക്കാർ / എയ്ഡഡ്, എൽപി/ യുപി അധ്യാപക ജോലിക്കുള്ള യോഗ്യത നൽകുന്ന കോഴ്സ് ആണിത്. കൂടുതൽ വിവരങ്ങൾക്ക് www.education.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക.
3 പ്രാവശ്യത്തിനകം 50% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം എന്നതാണ് വിദ്യാഭ്യാസ യോഗ്യത. സേ പരീക്ഷയും ചാൻസായി കരുതും. പിന്നാക്ക വിഭാഗക്കാർക്ക് 45% മാർക്കാണ് പരിഗണിക്കുന്നത്. പട്ടികവിഭാഗക്കാർക്കു മാർക്കിന്റെയും ചാൻസിന്റെയും പരിമിതിയില്ല. 17–33 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കേണ്ട പ്രായപരിധി. പിന്നാക്ക/പട്ടിക വിഭാഗക്കാർക്കു യഥാക്രമം 36/38 വയസ്സ് വരെയാകാം. വിമുക്തഭടന്മാർക്കു സൈനിക സേവനകാലം ഇളവായി കിട്ടും. സയൻസ്, ഹ്യുമാനിറ്റിസ്, കൊമേഴ്സ് വിഭാഗക്കാർക്ക് 40:40:20 ക്രമത്തിൽ സീറ്റുകൾ വകയിരുത്തിയിരിക്കുന്നു. വിവിധ സംവരണ സീറ്റുകളുണ്ട്. ന്യൂനപക്ഷ/മാനേജ്മെന്റ്/ സർവീസ് ക്വോട്ട, തമിഴ് ടീച്ചേഴ്സ് എന്നിവ സംബന്ധിച്ച നിബന്ധനകൾക്ക് സൈറ്റിൽ വിശദീകരിച്ചിട്ടുള്ള വിജ്ഞാപനങ്ങൾ നോക്കാം.
അപേക്ഷിക്കേണ്ട വിധം ഇങ്ങനെയാണ് - വിജ്ഞാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ തയാറാക്കി, 5 രൂപയുടെ കോർട്ട്ഫീ സ്റ്റാംപ് പതിച്ച്, സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം, താൽപര്യമുള്ള റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ഓഗസ്റ്റ് 16ന് അകം സമർപ്പിക്കണം. പട്ടികവിഭാഗക്കാർ സ്റ്റാംപ് ഒട്ടിക്കേണ്ടതില്ല. ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കരുത്. ഉപഡയറക്ടർമാരുടെ വിലാസവും ഫോൺ നമ്പറും വിജ്ഞാപനത്തിലുണ്ട്. മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനത്തിനു ബന്ധപ്പെട്ട ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് അപേക്ഷ നൽകിയിട്ട് അതിന്റെ പകർപ്പ് ഉപഡയറക്ടർക്ക് അയച്ചുകൊടുക്കണം. സ്കൂളുകളുടെയും സീറ്റുകളുടെയും പട്ടിക എല്ലാം വെബ്‌സൈറ്റിയിൽ വിശദീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നിനാണ് ക്ലാസുകൾ തുടങ്ങുന്നത്.
സർക്കാർ/എയ്ഡഡ് വിഭാഗങ്ങളിൽ ആകെ 101 ട്രെയ്നിങ് സ്കൂളുകളുണ്ട്. 100 സ്വാശ്രയ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും സൈറ്റിലുണ്ട്. ഇവയിൽ പകുതി മാനേജ്മെന്റ് സീറ്റുകളും പകുതി ഓപ്പൺ മെറിറ്റ് സീറ്റുകളുമാണ്. മറ്റു വ്യവസ്ഥകളിലും സർക്കാർ/എയ്ഡഡ് സ്കൂളുകളിലേതുമായി വ്യത്യാസങ്ങളുണ്ട്.ഇവയ്ക്കു പുറമേ, ഹിന്ദി, സംസ്കൃതം, ഉറുദു, അറബി, ഡിപ്പാർട്മെന്റ് ക്വോട്ട എന്നിവയിലെ അധ്യാപക പരിശീലനം സംബന്ധിച്ച് വെവ്വേറെ വിജ്ഞാപനങ്ങളും സൈറ്റിലുണ്ട്. എല്ലാ വിഭാഗങ്ങളിലും അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് പതിനാറിനാണ്.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, തലശ്ശേരി സർക്കാർ ട്രെയ്നിങ് കോളജുകളിലെ 2–വർഷ ബിഎഡ് കോഴ്സിലെ ഡിപ്പാർട്മെന്റ് ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് അർഹതയുള്ള അധ്യാപക/അധ്യാപകേതര വിഭാഗക്കാർ നിർദിഷ്ട ഫോമിൽ തയാറാക്കിയ അപേക്ഷ, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ ഓഗസ്റ്റ് 16ന് അകം എത്തിക്കണം. ഇതിനെ തുടർന്നുള്ള വിശദ വിവരങ്ങൾ അറിയുവാൻ www.education.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha