പ്രവാസികള്‍ക്കായി ഒരു കുറിപ്പ്
അവള്‍ കുഞ്ഞില്‍ നിന്നു തന്റെ കൈകള്‍ പൂര്‍ണമായി എടുത്തുമാറ്റി. അമ്മയുടെ കൈകളില്‍ നിന്നു സ്വതന്ത്രനായ കുഞ്ഞു പതുക്കെ വലതുകാല്‍ മുമ്പോട്ടു വച്ചു. തുടര്‍ന്ന് ഇടതുകാലും. പുതിയ നൂറ്റാണ്ടു സാക്ഷിയായ കുഞ്ഞു മുമ്പോട്ടേക്കു പിച്ചവച്ചു നടന്നു. മുമ്പോട്ട്.... ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രവാസി......
എം. മുകുന്ദന്‍ പ്രവാസം (നോവല്‍)
സ്വാതന്ത്ര്യ പ്രാപ്‌തിക്കു മുമ്പുതന്നെ കേരളത്തില്‍ നിന്നും ഇന്ത്യയിെല നാട്ടുരാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്കു കുടിയേറ്റം ആരംഭിച്ചു കഴിഞ്ഞിരുന്നു. തൊഴില്‍ തേടിയുള്ള യാത്രകള്‍ പലപ്പോഴും ജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയിരുന്നു. പിറന്നനാടും ബന്ധുക്കളെയും വിട്ടു മറ്റൊരു രാജ്യത്ത് അനാഥരെപ്പോലെ കഴിയേണ്ടി വന്ന മനുഷ്യരുടെ കഥയാണു യഥാര്‍ത്ഥ പ്രവാസികള്‍ക്ക് എക്കാലത്തും പറയാനുണ്ടാവുക. ഈ വിഷമതകളെ അടുത്തറിയാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന്റെ ഗവണ്‍മെന്റു വിദേശകാര്യ വകുപ്പിനു പുറമെ പ്രവാസികാര്യ വകുപ്പ് ഉണ്ടാക്കി മലയാളിയായ വയലാര്‍ രവിയെ തന്നെ അതിന്റെ ചുമതല ഏല്‌പിച്ചുവെന്നതു മലയാളി സമൂഹത്തിനു കിട്ടിയ അംഗീകാരമായിരുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വിലയിരുത്തുമ്പോള്‍ മലയാളികള്‍ തന്നെയാണു ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തിച്ചേര്‍ന്നിട്ടുള്ള ജനത. അതിനാലാവണം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഉചിതമായ കൈകളില്‍ പ്രവാസി വകുപ്പു സുരക്ഷിതമാണെന്നു വയലാര്‍ രവിയെ നോക്കി പറഞ്ഞത്.
കുടിയേറ്റങ്ങള്‍ക്കു പലതരം മാനങ്ങളുമുണ്ടായിരുന്നു. 1930കളില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നു കേരളീയര്‍ മലേഷ്യ, സിലോണ്‍, ബര്‍മ എന്നീ രാജ്യങ്ങളിലേക്കു കുടിയേറി. ഈ കുടിയേറ്റം സമ്പത്തിന്റെ ധാരാളിത്തമായിരുന്നില്ല കുടിയേറ്റക്കാര്‍ക്കു സമ്മാനിച്ചത്. ദുരന്തങ്ങളുടെയും പട്ടിണിയുടെയും രൂപങ്ങളായിരുന്നു. ഇനി ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവാതിരിക്കട്ടെ എന്നാഗ്രഹിച്ച അവര്‍ അടുത്ത തലമുറ നാട്ടില്‍ തന്നെ സന്തോഷകരമായി കഴിയുന്നതിനെ സ്വപ്‌നം കണ്ടുകൊണ്ടിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം കുടിയേറ്റം രണ്ടു തരത്തില്‍ വ്യാപിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫു രാജ്യങ്ങളിലേക്കും. ഈ യാത്രകള്‍ കേരളീയ ജനതയെ സാമ്പത്തികമായി ശക്തിപ്പെടുത്തി. അങ്ങനെ ഗള്‍ഫും യൂറോപ്യന്‍ രാജ്യങ്ങളും ശരാശരി കേരളീയന്റെ വാഗ്‌ദത്ത ഭൂമിയായി തീര്‍ന്നു. യഥാര്‍ത്ഥത്തില്‍ അവരുടെ കഷ്‌ടപ്പാടുകള്‍ വിവരിക്കാന്‍ ഒരിക്കലും പ്രവാസികള്‍ തയ്യാറായില്ല. അവധിക്കായി നാട്ടില്‍ വരുമ്പോള്‍ വ്യയം ചെയ്യുന്ന സമ്പത്തിന്റെ ധാരാളിത്തം നാട്ടിലെ ജനങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ മുതല്‍ തൊഴിലാളി മേഖലയില്‍ വൈദഗ്‌ധ്യം ഉള്ളവര്‍ വരെ ഇപ്പോഴും വിദേശരാജ്യങ്ങളിലെ ജോലികള്‍ക്കായി ആഗ്രഹിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യുന്നു.
1976ല്‍ ഇന്ത്യയില്‍ നിന്നു പശ്ചിമേഷ്യയിലേക്കു കുടിയേറിയത് 5000 പേര്‍ മാത്രമായിരുന്നു. 1993 ല്‍ ഇതു 4.38 ലക്ഷമായി. 2000ല്‍ എത്തിയപ്പോള്‍ 30 ലക്ഷം പേരുണ്ടെന്നു സര്‍ക്കാരിന്റെ കണക്കുകള്‍. കുടിയേറ്റത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‌ക്കുന്ന ജില്ല മലപ്പുറമാണ്. തൊട്ടടുത്തു പത്തനംതിട്ടയും. കണ്ണൂര്‍, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകള്‍ തൊട്ടുപിന്നില്‍ തന്നെ നില്‌ക്കുന്നു. ഗള്‍ഫു രാജ്യങ്ങളില്‍ കുടിയേറിയ മലയാളികള്‍ രണ്ടു തരത്തില്‍ ഉള്ളവരാണ.് ഒന്ന്- വിദ്യാഭ്യാസമില്ലാത്തവരും അവിദഗ്‌ധ - അര്‍ധവിദഗ്‌ധരും. മറ്റൊരു വിഭാഗം നല്ല വിദ്യാഭ്യാസമുള്ള പ്രൊഫഷണല്‍, ടെക്‌നിക്കല്‍ വിഭാഗങ്ങളും ഭരണ മാനേജ്‌മെന്റ് വിദഗ്‌ധരും.
ഇപ്പോള്‍ അതതു രാജ്യങ്ങളിലെ ആളുകള്‍ ഭരണ-മാനേജ്‌മെന്റു രംഗം കൈയടക്കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ ജോലി സാധ്യതകള്‍ കുറയുന്നു. ഇതു മനസ്സിലാക്കിയ കേരളീയര്‍ യൂറോപ്പിലെ അധികമാരും കടന്നെത്താത്ത രാജ്യങ്ങളിലേക്കു പ്രയാണം ആരംഭിച്ചിരിക്കുന്നു. ഇവിടെയാണു ഗവണ്‍മെന്റുകള്‍ ചെറുപ്പക്കാര്‍ക്കു നാട്ടില്‍ തന്നെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം. പുതിയ സെന്‍സസില്‍ ഇന്ത്യയിലെ ജനസംഖ്യ 121 കോടിയായിരിക്കുന്നു. കേരളീയ ജനസംഖ്യ 334 ലക്ഷവും.
അക്കരയ്‌ക്കു കടക്കുന്ന ജനതയ്‌ക്കു പില്‌ക്കാലത്ത് അതതു രാജ്യങ്ങിലെ ഭരണക്രമത്തില്‍പോലും നിര്‍ണായകമായ സ്വാധീനം സൃഷ്‌ടിക്കാന്‍ കഴിയുന്നതു കഠിനാധ്വാനത്തിന്റെ മികച്ചഫലമാണ്. നാട്ടില്‍ തൊഴില്‍ ലഭ്യമാകാത്തതിന്റെ പേരില്‍ അന്യരാജ്യങ്ങളില്‍പോയി ജോലിചെയ്യുന്നവരുടെ പണമാണു നാട്ടിലെ ജനതയുടെ മുഖ്യവരുമാനം തന്നെ. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തിലെ ബാങ്കുകളുടെ പ്രവാസിനിക്ഷേപം ഇരട്ടിയായി.
2000ല്‍ പ്രവാസിനിക്ഷേപം 18,724 കോടിയായിരുന്നെങ്കില്‍ 2010ല്‍ നിക്ഷേപം ബാങ്കുകളില്‍ 36,886 കോടി രൂപയായി. നിക്ഷേപത്തില്‍ ഒന്നാം സ്ഥാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനാണ് -27.9 ശതമാനം. രണ്ടാം സ്ഥാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് 15.2 ശതമാനം. മൂന്നാംസ്ഥാനം ഫെഡറല്‍ ബാങ്കിനും-13.7 ശതമാനം. ഈ നിക്ഷേപങ്ങളില്‍ നിന്നാണു ബാങ്കുകള്‍ നാട്ടില്‍ ലോണുകള്‍ അനുവദിക്കുന്നതു തന്നെ.
കേരളത്തിന്റെ സമ്പദ്‌ഘടനയെ നിലനിര്‍ത്തുന്നതില്‍ പ്രവാസി മലയാളികളും അന്യരാജ്യങ്ങളും വഹിക്കുന്ന പങ്കിനെ നിസ്സാരവത്‌കരിക്കാനാവില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‌ക്കെയാണ് പ്രവാസികളെ വേണ്ടവിധത്തില്‍ പരിഗണിക്കാനോ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കാനോ പലപ്പോഴും ഗവണ്‍മെന്റുകള്‍ തയ്യാറാകാതിരുന്നത്.
വിദേശകാര്യ വകുപ്പും പ്രവാസികാര്യവകുപ്പും കൂടുതല്‍ ഉത്തരവാദിത്വത്തിലേക്കു കടന്നെത്തുകയാണ്. ആഗോളവത്‌ക്കരണത്തിന്റെ നാള്‍വഴികളില്‍ ഇന്ത്യന്‍ സമൂഹം മറ്റു രാജ്യങ്ങളില്‍ നിര്‍ണായകമായ ശക്തിയായി മാറിക്കൊണ്ടിരിക്കും. അതനുസരിച്ചു സ്വദേശീയ വാദം ഉണ്ടായി പ്രവാസി ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുന്നു. ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരേയുണ്ടായ വംശീയാക്രമണം ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. നിരവധി പ്രശ്‌നങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ഉണ്ട്. ഇവിടെയാണ് ഇന്ത്യാ ഗവണ്‍മെന്റ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. പ്രവാസികാര്യ വകുപ്പും വിദേശകാര്യവകുപ്പും ഉചിതമായ വിധത്തില്‍ ഇന്ത്യന്‍ വംശജര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് 2011 ഏപ്രില്‍ 13 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ആദ്യമായി വോട്ടവകാശം ഏര്‍പ്പെടുത്തിയത്.
വിദേശകാര്യ വകുപ്പില്‍ സഹമന്ത്രിയായി ഇ. അഹമ്മദും എത്തിയതോടെ രണ്ടു വകുപ്പിലും മലയാളി സാന്നിധ്യം തന്നെ ഉറപ്പായിക്കഴിഞ്ഞിരുന്നു. പ്രവാസി വകുപ്പിന്റെ കണക്കനുസരിച്ചു ഗള്‍ഫിലുള്ള 30 ലക്ഷം ഇന്ത്യക്കാരില്‍ 16 ലക്ഷം പേരും കേരളീയര്‍ തന്നെയാണ്. അന്യ രാജ്യങ്ങളില്‍ മിക്കപ്പോഴും അവഗണനയനുഭവിച്ച് അധ്വാനിക്കുന്ന പ്രവാസികളോട് നമുക്കിനിയും കൂടുതല്‍ കാരുണ്യം കാണിക്കേണ്ടതുണ്ട്. അവരുടെ അധ്വാനത്തെ അര്‍ഹിക്കുന്ന വിധത്തില്‍അംഗീകരിക്കണം.
കൂടാതെ പുറംനാടുകളില്‍ നിന്നു മടങ്ങിവരുന്ന മലയാളികളുടെ എണ്ണം 10 ലക്ഷം കവിയുമെന്നാണു കണക്കുകള്‍ കാണിക്കുന്നത്. ഈ മടങ്ങിവരവ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഗവണ്‍െമന്റു കണക്കിലെടുക്കണം. ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റു മാത്രമാണു പ്രവാസികളോടു നീതി പുലര്‍ത്താന്‍ തുനിഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രവാസികാര്യ വകുപ്പു തന്നെ കേരളത്തില്‍ സൃഷ്‌ടിച്ചത്. പിന്നീടെത്തിയ അച്യുതാനന്ദന്‍ ഗവണ്‍മെന്റ് തികച്ചും ഉദാസീനമായ സമീപനമാണു കാട്ടിയിട്ടുള്ളത്.
https://www.facebook.com/Malayalivartha