ജോലി ചെയ്യാൻ ആളില്ല...! അമേരിക്കയിൽ തൊഴിലാളി ക്ഷാമം, പതിന്മടങ്ങ് അവസരങ്ങൾ....മികച്ച ശമ്പളം
തൊഴിലവസരങ്ങൾ ഇഷ്ടംപോലെയുണ്ട്; പക്ഷേ ജോലിക്ക് ആളെക്കിട്ടുന്നില്ല;എന്നതാണ് ഇപ്പോൾ അമേരിക്കയിൽ സ്ഥിതി. കോവിഡ് മഹാമാരിയെത്തുടർന്ന് ആവശ്യത്തിനു ജോലിക്കാരെ കിട്ടുന്നില്ലെന്നതാണ് അമേരിക്കൻ സ്ഥാപനങ്ങളെ ഇപ്പോൾ കുഴപ്പത്തിലാക്കിയിരിക്കുന്നത്. വിസാ നിയമത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ് അമേരിക്ക. 2023 സാമ്പത്തിക വർഷത്തിൽ 64,716 പേർക്ക് എച്ച്-2ബി വിസ അനുവദിക്കാൻ യുഎസ് തീരുമാനിച്ചതായാണ് റിപ്പോർട്ട്.
കോവിഡിനു ശേഷം ലോകരാജ്യങ്ങൾ സാമ്പത്തികമായ തിരിച്ചുവരവിനു തയാറെടുക്കുമ്പോഴാണ് അമേരിക്കയിലെ ഈ ആൾക്ഷാമം. കോവിഡ് മൂലം തൊഴിലാളികൾക്കിടയിലുണ്ടായ മരണങ്ങളും, അസുഖങ്ങളും, വർധിച്ച തോതിലുളള റിട്ടയർമെന്റുകളും കുടിയേറ്റക്കാർക്കിടയിലുണ്ടായ അപ്രതീക്ഷിത ഇടിവുമാണ് വൻകിട സ്ഥാപനങ്ങളെയുൾപ്പെടെ തൊഴിൽപ്രതിസന്ധിയിലാക്കിയത്. കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്നതിലും പതിന്മടങ്ങ് തൊഴിലവസരങ്ങളാണ് ഇപ്പോൾ കമ്പനികൾ മുന്നോട്ട് വയ്ക്കുന്നത്.
എന്നാൽ കോവിഡ് ബാധിച്ച സമയത്തേക്കാൾ ദുർബലമാണ് രാജ്യത്തിന്റെ ഇപ്പോഴുളള തൊഴിൽശക്തിയെന്നതും പ്രശ്നം രൂക്ഷമാക്കുന്നു. വരാൻ പോകുന്ന സാമ്പത്തിക വർഷത്തിലെ പുതിയ വികസന പദ്ധതികൾക്ക് തൊഴിലാളികളുടെ സേവനം വേണ്ടിവരുന്ന ഘട്ടത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട്.
അമേരിക്കയിൽ ജോലി ചെയ്തിരുന്നവരിൽ ഏകദേശം നാല് ലക്ഷത്തോളം പേർ കോവിഡ് മൂലം മരിച്ചതായും രണ്ട് ദശലക്ഷത്തിലധികം ആളുകൾ കോവിഡാനന്തരം ജോലിയിൽ നിന്നു വിരമിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കു ജോലിക്കായി കൂടിയേറിയവരിൽ ഒരു ദശലക്ഷം കുറവുമുണ്ടായിട്ടുണ്ട്.
നിലവിൽ ജോലിയിൽ തുടരുന്നവരെ പിടിച്ചുനിർത്തുന്നതിനും മറ്റു രാജ്യത്തു നിന്നുളളവരെ ആകർഷിക്കുന്നതിനും അമേരിക്കൻ കമ്പനി ഉടമകൾ ഉയർന്ന ശമ്പള വർധനവാണ് നൽകുന്നത്. എന്നാൽ ഈ പ്രവണത 2023 ൽ പണപ്പെരുപ്പത്തിനു സാധ്യതയുണ്ടാക്കിയേക്കാമെന്ന് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡിനു മുൻപുളള വർഷങ്ങളേക്കാൾ കുറവാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ ഉൽപാദനക്ഷമത. എന്നാൽ കമ്പനികൾ കൂടുതൽ കാര്യക്ഷമമായ യന്ത്രങ്ങളും സാങ്കേതികവിദ്യകളും നടപ്പിലാക്കാൻ തയാറായാൽ തൊഴിലാളികൾക്കു കൂടുതൽ ഉൽപാദനക്ഷമത കൈവരിക്കാനും അതിലൂടെ ഉൽപാദനം വർധിപ്പിക്കാനും കഴിഞ്ഞേക്കും
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗവും ഡിപ്പാർട്ട്‌മെന്റ് ഓഫ് ലേബറും ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനയിൽ പുതിയ വിസ നിയമങ്ങളെപ്പറ്റി പറയുന്നുണ്ട് . ‘ 2023 സാമ്പത്തിക വർഷത്തിൽ താൽക്കാലിക എച്ച്-2ബി വിസകൾ ഏകദേശം 64,716 പേർക്ക് നൽകും. കാർഷികേതര തൊഴിൽ വിഭാഗത്തിലുള്ളവർക്കും വിസ ലഭ്യമാകും’, എന്നാണ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 18216 വിസകളാണ് അനുവദിക്കുക. തുടർന്ന് ഏപ്രിൽ 1 മുതൽ മെയ് 14 വരെയുള്ള പകുതിയിൽ 16500 വിസ അനുവദിക്കുമെന്നും പിന്നീടുള്ള മാസങ്ങളിൽ 10000 വിസയ്ക്ക് കൂടി അനുമതി നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാദ്യമായാണ് ഒരു സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-2 ബി വിസകൾ ലഭ്യമാക്കുന്ന ഒരൊറ്റ നിയമം അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
2023 സാമ്പത്തിക വർഷത്തിൽ സെപ്റ്റംബർ 15ന് മുമ്പ് അധികം തൊഴിലാളികളെ ആവശ്യമായി വരുമെന്ന് യുഎസിലെ ചില തൊഴിൽദാതാക്കൾ പറഞ്ഞിരുന്നു. ‘എല്ലാ തവണത്തേക്കാളും നേരത്തെയാണ് എച്ച്-2ബി വിസകൾ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. യുഎസിൽ അടുത്ത സാമ്പത്തിക വർഷം വരാനിരിക്കുന്ന നിരവധി ബിസിനസ്സുകൾക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരും. എച്ച്-2ബി വിസ നേടി സുരക്ഷിതമായി തന്നെ യുഎസിലേക്ക് വരാവുന്നതാണ്,’ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാൻഡ്രോ എൻ മയോർക്കസ് പറഞ്ഞു.
സാങ്കേതിക മേഖലകൾ ഉൾപ്പടെയുള്ളവയിൽ ജോലി ലഭിച്ച് എത്തുന്ന ഇവരിൽ പലരും വിദഗ്ധ പരിശീലനവും തൊഴിൽപരിചയവും ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ എച്ച്-1ബി വിസകളാണ് ഇവരിൽ ഭൂരിഭാഗം പേരും അമേരിക്കയിലേക്ക് കുടിയേറാനായി തെരഞ്ഞെടുക്കുന്നത്. അമേരിക്കയിലെ ചില തൊഴിലുടമകളുടെ ആവശ്യവും പുതിയ വിസാ നയത്തിന് ബാധകമായിട്ടുണ്ട്.
https://www.facebook.com/Malayalivartha