കൂട്ടപ്പിരിച്ചുവിടല്‍ ഇനിയും അവസാനിച്ചിട്ടില്ല...! സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ
മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഇനിയും അവസാനിച്ചിട്ടില്ല.. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങിയിരിക്കുകയാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ. പിരിച്ചുവിടൽ ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
നിലവിലെ പിരിച്ചുവിടൽ ഫെബ്രുവരിയിൽ തീരുമാനിച്ചിരുന്നതാണെന്നും കമ്പനിയുടെ കാര്യക്ഷമത കൂട്ടുന്നതിനായാണ് തീരുമാനമെന്നും മെറ്റയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. പിരിച്ചുവിടല്‍ പ്രക്രിയ അന്തിമഘട്ടത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. വരും ആഴ്ചകളില്‍ വീണ്ടും നിരവധി ജീവനക്കാരെ പിരിച്ചുവിടാനിരിക്കുകയാണ്.
കഴിഞ്ഞിടെ നടന്ന തൊഴില്‍ പ്രകടനം സംബന്ധിച്ച അവലോകനത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് കമ്പനി ശരാശരിയിലും താഴെ റേറ്റിംഗ് നല്‍കിയതാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകാനുള്ള കാരണം. ലക്ഷ്യത്തിലൂന്നിയ ഉന്നത നിലവാരത്തിലുള്ള തൊഴില്‍ പ്രകടന സംസ്‌കാരമാണ് മെറ്റയിലുള്ളതെന്നും ദീര്‍ഘകാല ചിന്തയും ഉന്നത നിലവാരത്തിലുള്ള തൊഴിലും ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ തൊഴില്‍ നിലവാര അവലോകനമെന്നും ആണ് മെറ്റ വക്താവ് ഇതേകുറിച്ച് വ്യക്തമാക്കിയത്
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനിയായ മെറ്റ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇക്കഴിഞ്ഞ നവംബറിൽ 13ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000 പേർക്കാണ് ആദ്യഘട്ട പിരിച്ചുവിടലിൽ തൊഴിൽ നഷ്ടമായതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും തൊഴിലാളികളെ മെറ്റ ഒറ്റയടിക്ക് വെട്ടിച്ചുരുക്കുന്നത് ഇതാദ്യമായാണ്.
പരസ്യവരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായത് കമ്പനിയുടെ സാമ്പത്തിക സുരക്ഷയെ ബാധിച്ചുവെന്നും ഇതേത്തുടർന്ന് ഒഴിവാക്കാൻ സാധിക്കുന്നവരുടെ പട്ടിക തയ്യാറാക്കാൻ ഡയറക്ടർമാരോടും വൈസ് പ്രസിഡന്റുമാരോടും സക്കർബർഗ് ആവശ്യപ്പെട്ടതായും പറയുന്നു.സക്കർബർഗ് തന്റെ മൂന്നാമത്തെ കുട്ടിയുടെ പെറ്റേണല്‍ അവധിയിൽ പോകുന്നതിന് മുമ്പ് പിരിച്ചുവിടൽ പ്രതീക്ഷിക്കാമെന്നും മെറ്റയിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
അതേസമയം 2023 കാര്യക്ഷമതയുടെ വർഷമാണെന്ന് മാർക് സക്കർബർഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിന് സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനായുള്ള മുന്നൊരുക്കമാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ബ്ലൂംബർഗ് റിപ്പോർട്ടിൽ കടുത്ത ആശങ്കയാണ് ജീവനക്കാർ പ്രകടിപ്പിക്കുന്നത്. ഈ മാസം വിതരണം ചെയ്യുമെന്നറിയിച്ച ബോണസ് നൽകാതെ ഒഴിവാക്കുമോ എന്ന ആശങ്കയും ജീവനക്കാർ പങ്കുവയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha