കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനു വിജ്ഞാപനമായി; ജൂലെെയിലാണ് ആദ്യഘട്ട പരീക്ഷ
കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) എക്സാമിനു വിജ്ഞാപനമായി. ജൂലെെയിലാണ് ആദ്യഘട്ട പരീക്ഷ.. റെയിൽവെ, വിദേശകാര്യ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയങ്ങൾ, ഇന്റലിജന്റ്‌സ് ബ്യൂറോ, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ്, കേന്ദ്ര സെക്രട്ടറിയറ്റ് സർവീസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, എൻഐഎ, സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ്, തപാൽ വകുപ്പ്, ദേശീയ മനുഷ്യാവകാശ കമീഷൻ, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ്, മിലിട്ടറി എൻജിനിയറിങ് സർവീസസ് എന്നിങ്ങനെ വിവിധ കേന്ദ്ര സ്ഥാപനങ്ങളിലെ ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിൽ 36 തസ്‌തികയിലാണ് നിയമനം.
അസിസ്‌റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്‌റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ, അസിസ്‌റ്റന്റ് സെക്‌ഷൻ ഓഫീസർ, ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്‌സ്, ഇൻസ്‌പെക്ടർ ഓഫ് സെൻ്രട്രൽ എക്‌സ്‌സൈസ്, അസിസ്‌റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, സബ് ഇൻസ്‌പെക്ടർ, ഇൻസ്പെക്ടർ, എക്‌സിക്യൂട്ടീവ് അസിസ്‌റ്റന്റ്, റിസർച്ച് അസിസ്‌റ്റന്റ്, ഡിവിഷണൽ അക്കൗണ്ടന്റ്, ജൂനിയർ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ, ഓഡിറ്റർ, അക്കൗണ്ടന്റ്, പോസ്‌റ്റൽ അസിസ്‌റ്റന്റ്, സീനിയർ സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ്/യുഡി ക്ലർക്ക്, സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റ്, ടാക്‌സ് അസിസ്‌റ്റന്റ് തുടങ്ങിയവയാണ് തസ്‌തികകൾ.
7500 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 3 രാത്രി 11 വരെ. അപേക്ഷാ ഫീസായ 100 രൂപ നാലിനു രാത്രി 11 ഉള്ളിൽ അടക്കണം (ബാങ്ക് ചലാനെങ്കിൽ മേയ് 5 വരെ). സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല.
തസ്തികകളനുസരിച്ച് പ്രായപരിധിയിൽ 18–27, 20–30, 18–30, 18–32 എന്നിങ്ങനെ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങൾക്കു ചട്ടപ്രകാരം ഇളവ് ലഭിക്കും. തസ്തികകളുടെ സ്വഭാവമനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്. വിശദാംശങ്ങൾ https://ssc.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജിയനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം.
ഓൺലൈനിൽ രണ്ടു ഘട്ടമായിട്ടാണ് പരീക്ഷ. ജൂലൈയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ ഇന്റലിജൻസ് റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ. ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം. ഇതു രണ്ടു സെഷനുണ്ട്.
രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2 തസ്തികകളിലേക്കാണു രണ്ടാം പേപ്പർ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്കു മൂന്നാം പേപ്പർ.
കേരള–-കർണാടക റീജിയന്റെ ഭാഗമായ കേരളത്തിൽ ആറ് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് മൂന്ന്. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും വെബ്സൈറ്റ് https://ssc.nic.in കാണുക.
https://www.facebook.com/Malayalivartha