ജോലി കിട്ടിയില്ലേ ? വിഷമിക്കേണ്ട; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും ഡിമാന്റുള്ള നാല് തൊഴിൽ മേഖലകൾ ഇവയാണ്
കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയൊട്ടാകെ തൊഴിലവസരങ്ങൾ കുറഞ്ഞു പോയിരുന്നു .അതുകൊണ്ട് കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ജോലിയ്ക്കായി ശ്രമിച്ചിട്ടും ജോലി ശരിയായില്ലല്ലോ എന്ന വേവലാതി വേണ്ട. ഇന്ത്യയിൽ മാത്രമല്ല ഗൾഫ് ഉൾപ്പടെ ഉള്ള വിദേശ രാജ്യങ്ങളിലും തൊഴിൽകുറവായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടു തുടങ്ങി. കേരളത്തിൽ മാത്രമല്ല ലോകമൊട്ടുക്കും തൊഴിൽ വിപണി ഉണരുകയാണ് .. പക്ഷെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട് .
നമ്മുടെ തൊഴിൽ ലോകം മാറി കൊണ്ടിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യയും തൊഴിൽ നൈപുണ്യവുമെല്ലാം ചേരുമ്പോൾ യുവതലമുറയ്ക്ക് മുന്നിൽ ഇതുവരെ ശീലിച്ചുവന്ന തൊഴിൽ സാഹചര്യങ്ങളും വഴി മാറുകയാണ്. ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിലിടങ്ങളെ അപ്പാടെ മാറ്റികൊണ്ടിരിക്കുകയാണ്. ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിൽ സാദ്ധ്യതകൾ വർദ്ധിച്ചുവരുന്നു.
വരുന്ന വർഷങ്ങളിൽ ഇന്ത്യയിൽ ഏറ്റവുമധികം തൊഴിൽ സാദ്ധ്യതയുള്ള മേഖലകൾ ഏതൊക്കെയാണെന്നത് സംബന്ധിച്ച് ഒരു പഠനം നടത്തിയിരിക്കുകയാണ്. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ ലിങ്ക്‌ഡ്‌ഇൻ ആണ് പഠനം നടത്തിയത്. ഇതനുസരിച്ച് ലഭിച്ച തൊഴിൽ മേഖലകളുടെ പട്ടികയും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
1. ഹെൽത്ത് കെയർ റിക്രൂട്ടർ
പേര് പോലെ തന്നെ ആരോഗ്യമേഖലയിലേക്ക് ഡോക്‌ടർമാർ, നഴ്‌സ്, ഫാർമസിസ്‌റ്റ് തുടങ്ങിയവരെ റിക്രൂട്ട് ചെയ്യുക എന്നതാണ് ഇവരുടെ ജോലി. എന്നാൽ അതുമാത്രം ചെയ്‌തത് കൊണ്ട് ജോലി തീരുന്നില്ല. ഈ മേഖലകളിലെ രാജ്യത്തെ ഏറ്റവും കഴിവുറ്റവരെ വേണം ജോലിക്കെടുക്കാൻ. അതാണ് ഇവരുടെ ഏറ്റവും വലിയ വെല്ലുവിളി. ഇന്റർവ്യൂ നടത്തി ശമ്പളം നിശ്ചയിച്ച് ജോലിക്കെടുത്താലും ഹെൽത്ത് കെയർ റിക്രൂട്ടറുടെ കടമ അവസാനിക്കുന്നില്ല. തൊഴിൽപരമായ എല്ലാ പിന്തുണയും നൽകി സ്ഥാപനവും തൊഴിലാളികളുമായുള്ള ബന്ധം ഊഷ്‌മളമാക്കേണ്ട ജോലിയും ഇവരുടെതാണ്.
2. കസ്‌റ്റമർ സക്‌സസ് അസോസിയേറ്റ് (സി എസ് എ)
ഒരുൽപ്പന്നം വാങ്ങുന്ന കസ്‌റ്റർ അതിൽ എത്രത്തോളം സംതൃപ്‌തനാണ് എന്ന് വിലയുരുത്തുക എന്നതാണ് കസ്‌റ്റമർ സക്‌സസ് അസോസിയേറ്റിന്റെ ജോലി. അതിനായി ഉപഭോക്താവിന്റെ ആവശ്യകത മനസിലാക്കാൻ കഴിയണം. അതുതന്നെയാണ് ഈ ജോലിക്കുള്ള ഏറ്രവും ആവശ്യമുള്ള യോഗ്യത. ഉപഭോക്താവിന്റെ എല്ലാ സംശയങ്ങൾക്കുമുള്ള നിവാരണം സി എസ് എയുടെ പക്കലുണ്ടാകണം.
3. യുഎക്‌സ് റൈറ്റർ
യൂസർ എക്‌സ്പീരിയൻസ് റൈറ്റർ എന്നതിന്റെ ചുരുക്കപ്പേരാണ് യുഎക്‌സ് റൈറ്റർ. വെബ്‌സൈറ്റുകൾ, സോഫ്‌റ്റ്‌വെയറുകൾ, ആപ്പ്‌സ് എന്നിവയ്‌ക്ക് വേണ്ടി കണ്ടന്റുകൾ തയ്യാറാക്കുന്ന ജോലിയാണിത്. യൂസർ ഫ്രണ്ട്‌ലിയായുള്ള, കൃത്യതയാർന്ന കണ്ടന്റുകൾ നിർമ്മിക്കേണ്ടത് യുഎക്‌സ് റൈറ്ററുടെ ഉത്തരവാദിത്തമാണ്.
4. ടാലന്റ് അക്വിസിഷൻ പാർട്‌ണർ
നേരത്തെ ഹെൽത്ത് റിക്രൂട്ടറെ കുറിച്ച് സൂചിപ്പിച്ച പോലെ തന്നെ സമാനമാണ് ടാലന്റ് അക്വിസിഷൻ പാർട്‌ണറുടെ ജോലിയും. ഏറ്റവും മികച്ച ഉദ്യോഗാർത്ഥിയെ സ്ഥാപനത്തിലേക്ക് എത്തിക്കുക എന്നതാണ് ഇവിടെ പ്രധാനം.
ഇന്നത്തെ സമൂഹത്തിൽ നമ്മൾ ഏത് കോഴ്സ് പഠിച്ചാലും അത്യാവശ്യമുള്ള ചില കഴിവുകളുണ്ട്. പ്രത്യേകിച്ചും കമ്പ്യൂട്ടർ പരിജ്ഞാനം - വിൻഡോസ്, ലിനക്സ് അധിഷ്ഠിത കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ടൈപ്പ് സെറ്റിങ്ങ്, എക്സൽ പോലുള്ള സ്പ്രെഡ്ഷീറ്റുകൾ കൈകാര്യം ചെയ്യുക, ഇമെയിൽ ഉപയോഗിച്ചുള്ള കമ്മ്യൂണിക്കേഷൻ ഇവയൊക്കെ അടിസ്ഥാന കഴിവുകളാണ്. ഇന്ന് തൊഴിൽ സാഹചര്യങ്ങളും, അതോടൊപ്പം തൊഴിൽ വൈദഗ്ദ്യവും അടിക്കിടെ മാറുന്ന ഒരു സാഹചര്യമാണുള്ളത്. അതായത് തൊഴിലിൽ പിടിച്ച് നിൽക്കണമെങ്കിൽ പുതിയ കാര്യങ്ങൾ സ്വയം സമയം കണ്ടെത്തി പഠിക്കേണ്ടി വരും.
ഇപ്പോൾ എഞ്ചിനീയർമാരെക്കാൾ കൂടുതൽ തൊഴിൽ നൽകുന്ന മേഖലകൾ പലപ്പൊഴും ബാങ്കിങ്ങ്, ഇൻഷുറൻസ് രംഗങ്ങളാണ്. അതോടൊപ്പം നിയമം, അക്കൗണ്ടിങ്ങ്, ടാക്സ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ നിരവധി വഴികളുണ്ട്. അതു പോലെ തന്നെ ഭാഷാ വൈദഗ്ദ്യം, സാമൂഹ്യ ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സോഷ്യൽ വർക്ക്, എന്നിങ്ങനെ പല മേഖലകളിൽ അവസരങ്ങളുണ്ട്.
ഉദാഹരണത്തിന് ഐടിഐ, പോളിടെക്നിക് കോളേജുകളിൽ നല്ല വിജയം നേടിയവർക്ക് എഞ്ചിനീയറിങ്ങ് ബിരുദധാരികളേക്കാൾ തൊഴിൽ സാദ്ധ്യത വ്യവസായ മേഖലയിലുണ്ടാവും..അതുകൊണ്ട് മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കൂ, നിങ്ങൾക്കിണങ്ങിയ പ്രവൃത്തി മേഖല കണ്ടെത്തൂ
https://www.facebook.com/Malayalivartha