വിദേശ ജോലി ആണോ ലക്‌ഷ്യം ? കാനഡയിലേക്ക് എക്സ്പ്രസ് എൻട്രി ലഭിക്കാന്‍ എന്ത് ചെയ്യണം?
സർക്കാർ ഭാഗത്ത് നിന്നും പ്രോല്‍സാഹനം ലഭിച്ചതോടെ കാനഡയിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ അടുത്തിടെ വലിയ തോതില്‍ വർധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ജോലി ലഭിക്കാനുള്ള പ്രയാസം, ഉയർന്ന റൂം വാടക എന്നിവയെല്ലാം വിദ്യാർത്ഥികളുടെ ജീവിതം കാനഡയില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു.
പാർട് ടൈം ജോലി ചെയ്ത് ലോണ്‍ അടച്ച് തീർക്കാമെന്ന പ്രതീക്ഷയിലാണ് ചിലരെങ്കിലും വിമാനം കയറുന്നത്. എന്നാല്‍ കാനഡയിലെ ചിലവുകള്‍ക്ക് നാട്ടില്‍ നിന്നും പണം അയച്ച് നല്‍കേണ്ട സ്ഥിതി ഉണ്ടായതായുള്ള അനുഭവങ്ങളുണ്ട്. കുടിയേറ്റം മാത്രം ലക്ഷ്യമിട്ട് വലിയ ലോണൊക്കെ എടുത്താണ് വിമാനം കയറുന്നതെങ്കില്‍ അത് നിങ്ങളെ ഒരുപക്ഷെ പ്രയാസത്തിലാക്കിയേക്കും.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു വർക്ക് വിസയിലൂടെയാണ് നിങ്ങള്‍ കാനഡയിലേക്ക് കുടിയേറുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമേറിയതായിരിക്കും. കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ മാർഗമാണ് എക്സ്പ്രസ് എൻട്രി.
എക്സ്പ്രസ് എൻട്രി എന്ന ഓൺലൈൻ സംവിധാനം വഴി വിദഗ്ധ തൊഴിലാളികൾക്കാണ് സ്ഥിരതാമസത്തിനായി കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കുക. മൂന്ന് തരത്തിലുള്ള പ്രോഗ്രാമുകളാണ് എക്സ്പ്രസ് എൻട്രിക്ക് കീഴിലുള്ളത്. 1. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) കനേഡിയൻ തൊഴിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികളാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിന് കീഴില്‍ വരുന്നത്. മൂന്ന് വർഷത്തെ കനേഡിയന്‍ വർക്ക് എക്സ്പീരിയന്‍സ് ഉള്ളവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് എക്സ്പ്രസ് എൻട്രിക്ക് അപേക്ഷിക്കാവുന്നതാണ്.
2. ഫെഡറൽ സ്കിൽഡ് ട്രേഡ്സ് (FST) ഏതെങ്കിലും ഒരു വിദഗ്ധ തൊഴില്‍ മേഖലയില്‍ യോഗ്യതയുള്ള വിദഗ്ധ തൊഴിലാളികളാണ് ഈ കാറ്റഗറിക്ക് കീഴില്‍ വരുന്നത്. നിങ്ങള്‍ക്ക് ഏതെങ്കിലും കനേഡിയന്‍ കമ്പനിയില്‍ നിന്നുള്ള ജോബ് ഓഫർ അല്ലെങ്കില്‍ നിങ്ങളുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
3. ഫെഡറൽ സ്കിൽഡ് വർക്കർ (FSW) വിദേശ തൊഴിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികളാണ് ഈ ഗണത്തില്‍ വരുന്നത്. ഇവർ വിദ്യാഭ്യാസം അടക്കമുള്ള മറ്റ് ഘടകങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
ഘട്ടം 1:
എക്സ്പ്രസ് എൻട്രിയുടെ ഭാഗമായ ഒരു പ്രോഗ്രാമിന് നിങ്ങൾ യോഗ്യനാണോ എന്ന് കണ്ടെത്താൻ ചില വഴികളുണ്ട്. നിങ്ങൾ വിസക്ക് വേണ്ട മിനിമം ആവശ്യകതകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ കനേഡയിന്‍ സർക്കാറിന്റെ വെബ്സൈറ്റില്‍ നല്‍കിയ കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാല്‍ മതിയാവും. കൂടാതെ ഓരോ പ്രോഗ്രാമിനുമുള്ള വിശദമായ യോഗ്യതകള്‍ നിങ്ങള്‍ക്ക് ഉണ്ടോയെന്നും പരിശോധിക്കാവുന്നതാണ്.
ഘട്ടം 2: നിങ്ങളുടെ സ്‌കോർ നിങ്ങളുടെ പ്രൊഫൈൽ സമർപ്പിക്കുകയാണെങ്കിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) ഉപയോഗിച്ച് നിങ്ങളെ എക്‌സ്‌പ്രസ് എൻട്രി പൂളിൽ റാങ്ക് ചെയ്യും. റാങ്കിങ്ങില്‍ മിനിമം പോയിന്റിന് മുകളില്‍ സ്കോർ ചെയ്ത വ്യക്തിക്ക് മാത്രമായിക്കും വിസക്കുള്ള ക്ഷണം ലഭിക്കുക.
ഘട്ടം 3: ഈ ഘട്ടത്തിലാണ് നിങ്ങളുടെ വിശദമായ ഡോക്യുമെന്റുകള്‍ സമർപ്പിക്കേണ്ടത്. ഐഎല്‍ടിഎസ് സ്കോർ, വിദ്യാഭ്യാസ യോഗ്യത, പൊവിന്‍ഷ്യല്‍ നോമിനേഷന്‍ (ഉണ്ടെങ്കില്‍), ജോബ് ഓഫർ ലെറ്റർ, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ്, പ്രൂഫ് ഓഫ് ഫണ്ട്, പൊലീസ് വെരിഫിക്കേഷന്‍, മെഡിക്കല്‍ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടഫിക്കറ്റ് തുടങ്ങിയവയെല്ലാം ഈ ഘട്ടത്തിലാണ് നല്‍കേണ്ടി വരിക.
ഘട്ടം 4: ഓൺലൈൻ എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈൽ പൂർത്തിയാക്കുകയോ പൂളിൽ പ്രവേശിക്കുകയോ ചെയ്യുന്നതിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ക്ഷണം നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുനൽകുന്നില്ല. ഘട്ടം
5: പൂളിൽ ഏറ്റവും ഉയർന്ന സ്‌കോറുകളുള്ള ഉദ്യോഗാർത്ഥികൾക്ക് എക്‌സ്‌പ്രസ് എൻട്രിക്ക് അപേക്ഷിക്കാനുള്ള ക്ഷണം കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് നല്‍ക്കുന്നു. നിങ്ങള്‍ക്ക് ക്ഷണം ലഭിച്ചാല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ വിസയ്ക്കായി അപേക്ഷിക്കാം. തുടർന്ന് ഏതാനും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി കാനഡയിലേക്ക് പറക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha