യുഎഇയിൽ 1000 ത്തിൽ അധികം തൊഴിൽ അവസരങ്ങൾ, ഏറ്റവും കൂടുതൽ പേരെ ആവശ്യം ഈ മേഖലയിലേക്ക്, നിയനം ആറ് മാസത്തിനുള്ളിൽ
ഒഡെപെക് മുഖേന കേരളത്തിൽ നിന്നുള്ള വിദഗ്ദരായ നിരവധി പേരെ യുഎഇയിൽ നിയമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനോടകം തന്നെ യുഎഇ ആസ്ഥാനമായുള്ള 32 കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. യുഎഇയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 'ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ODEPC) കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്കായി മിഡിൽ ഈസ്റ്റിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന നിരവധി റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്പ്, യുകെ, ജർമ്മനി, ബെൽജിയം, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായി പ്രവൃത്തിക്കുന്ന ഒഡപെക് ഗൾഫ് രാജ്യങ്ങളിലേക്കും അതിന്റെ വ്യാപനം വിപുലീകരിച്ചിട്ടുണ്ട്', ഇതിനുള്ള ചർച്ചകൾ ആണ് യു എ ഇ സന്ദർശനത്തിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കായി ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് പാരാ മെഡിക്കൽ പ്രൊഫഷണലുകളെയും റിക്രൂട്ട് ചെയ്യുന്നതിൽ ഒഡപെക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള ഒഡപെകിന്റെ സഹകരണം പ്രതിവർഷം 200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നു . യുകെയുടെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ട്രസ്റ്റ് ഹോസ്പിറ്റലുകൾ ഒഡപെകിന്റെ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്, കഴിഞ്ഞ നാല് വർഷങ്ങളായി 700-ലധികം ഉദ്യോഗാർത്ഥികൾ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി നേടിയിട്ടുണ്ട്', മന്ത്രി വ്യക്തമാക്കി. 1977-ൽ സ്ഥാപിതമായ ഒഡപെക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,200-ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്
ഡോക്ടർമാർ, എഞ്ചിനീയർമാർ, ഐടി മേഖലയിലെ ജീവനക്കാർ, ഹെൽത്ത് കെയർ എന്നീ മേഖലകളിലേക്കാണ് ആളുകളെ ആവശ്യം. അടുത്ത ആറ് മാസത്തിനുള്ളിൽ നിയമനങ്ങൾ പൂർത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.'ഇപ്പോൾ കമ്പനികൾ ആളുകളെ നിയമിക്കുന്ന രീതികളിൽ മാറ്റം വന്നിട്ടുണ്ട്. മുൻപ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾ പോകുകയും ജോലി പഠിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ വിദഗ്ദരായ ആളുകളെയാണ് കമ്പനികൾക്ക് ആവശ്യം.ഭാഷയും സംസ്‌കാരവും വൈദഗ്ധ്യവും അറിയാവുന്ന കഴിവുള്ള ആളുകളെയാണ് കമ്പനികൾ തിരയുന്നത്', ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ നിയമനം നടത്തിയിരുന്നത് എയർലൈനുകളായിരുന്നുവെങ്കിലും, പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഹോട്ടല്‍ മേഖലയാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ടൂറിസം മേഖലയിലെ വളർച്ചയോടെ യുഎഇയില്‍ നിരവധി ഹോട്ടലുകളും റിസോർട്ടുകളുമാണ് സമീപകാലത്ത് തുറന്നത്. പ്രാരംഭ റിക്രൂട്ട്‌മെന്റുകളിൽ പലതും ഇതിനോടകം നടന്നു കഴിഞ്ഞെങ്കിലും അവസരങ്ങള്‍ പൂർണ്ണമായി അവസാനിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ജോലി ലഭിക്കുന്നത് എളുപ്പമാക്കുന്നതിനായി ട്രെയിനികൾക്കായി ഒഡപെക് പ്രത്യേകം ഭാഷാ പരിശീലന ക്ലാസുകൾ നൽകാറുണ്ട്. യൂറോപ്പിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർക്കായി ഞങ്ങൾ ജർമ്മൻ, ഡച്ച് ഭാഷാ പരിശീലന ക്ലാസുകൾ നൽകിയിട്ടുണ്ട്. യുഎഇയിൽ ഇംഗ്ലീഷ് ആണ് തൊഴിലുടമകൾ പ്രധാനമായും ഡിമാന്റ് ചെയ്യുന്നത്. ചിലർ മാത്രം അറബിയും ആവശ്യപ്പെടുന്നുണ്ട്.
ഈ സാഹചര്യം പരിഗണിച്ചുള്ള പരിശീലനങ്ങളും നൽകി വരുന്നുണ്ട്. ആരോഗ്യ മേഖലയിലേക്കാണ് കൂടുതലായി ആളുകളെ ആവശ്യം. ഇതിനോടകം തന്നെ യുഎഇയിൽ ഈ മേഖലയിൽ തങ്ങൾ നിരവധി പേരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് പുറമെ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ തുടങ്ങിയ വിദഗ്ധ തൊഴിലാളികളെയും ഒഡപെക് മുഖേന നിയമിക്കും
https://www.facebook.com/Malayalivartha