ബസ്സോടിക്കാൻ പഠിപ്പിച്ച് ജോലിയും കയ്യിൽ വച്ചുതരും; ഓരോ മണിക്കൂറിനും കൈ നിറയെ ശമ്പളവും; ഇതിലും നല്ല അവസരം സ്വപ്നങ്ങളിൽ മാത്രം!!!
കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസുകളിലേക്ക് നിയമനം നടത്തുന്നത്. 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളാണുള്ളത്. വനിതകള്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് ഡ്രൈവാണ് ഇപ്പോള്‍ നടക്കുന്നത്. ട്രാൻസ്‌ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്ക് ശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.
ഇത് ആദ്യമായല്ല, കെ എസ് ആർ ടി സി സ്വിഫ്റ്റ് വനിതകളെ ജോലിക്കായി നിയമിക്കുന്നത്. ആദ്യബാച്ചിൽ നിയമനംനേടിയ നാലുവനിതകൾ തിരുവനന്തപുരം സിറ്റിയിൽ ഇലക്‌ട്രിക് ബസുകൾ ഓടിക്കുന്നുണ്ട്. ഹെവി ലൈസന്‍സ് ഉള്ളവർക്ക് മാത്രമല്ല, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള (എൽ എം വി ) വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബസ് ഓടിക്കാൻ കെ എസ് ആർ ടി സി പരിശീലനം നൽകും.
ആദ്യഘട്ടത്തില്‍ ഡീസൽ ബസുകൾക്കുപകരം ചെറിയ ഇലക്‌ട്രിക് ബസുകളിലാകും ഇവരെ നിയോഗിക്കുക. എന്നാല്‍ പരിശീലനം ഡീസൽ ബസിൽ ആയിരിക്കും. ഹെവി ലൈസൻസുള്ളവർക്ക് 35 വയസ്സും എൽ എം വി ലൈസൻസുള്ളവർക്ക് 30 വയസ്സുമാണ് പ്രായപരിധി.
കെ.എസ്.ആർ.ടി.സി.യിൽ വനിതാ കണ്ടക്ടർമാർ ഏറെയുണ്ടെങ്കിലും ഡ്രൈവർമാർ വിരളമാണ്. കർശനവ്യവസ്ഥകളോടെയാണ് നിയമനം. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയ്ക്കുള്ള ട്രിപ്പുകളിലാകും ഇവരെ നിയോഗിക്കുക. ഹെവി ഡ്രൈവിങ് ലൈസൻസുള്ളവർക്കും ഹെവി ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും നിയമനസാധ്യതയുണ്ട്. ഹെവി ലൈസൻസില്ലാത്തവർക്ക് കെ.എസ്.ആർ.ടി.സി. ഒരുമാസം പരിശീലനം നൽകും. ഇത്തരത്തിൽ നിയമനം നേടുന്നവർ 12 മാസം തുടർച്ചയായി ജോലിചെയ്യണം.
മാസം കുറഞ്ഞത് 16 ഡ്യൂട്ടി നിർബന്ധമാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ 30,000 രൂപ സുരക്ഷാനിക്ഷേപം നൽകണം. മാസം മിനിമം ഡ്യൂട്ടി ചെയ്യാത്തവരിൽനിന്ന് ഈ തുക നഷ്ടപരിഹാരമായി ഈടാക്കും. ഒരുമാസത്തെ പരിശീലനത്തിനുശേഷം ഹെവി ലൈസൻസ് നേടാൻ കഴിയാത്തവർക്കും സുരക്ഷാനിക്ഷേപം നഷ്ടമാകും. ബസ് വൃത്തിയായി സൂക്ഷിക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, ടയർ പഞ്ചറായാൽ മാറ്റിയിടാൻ കണ്ടക്ടറെ സഹായിക്കുക തുടങ്ങിയ ജോലികളും ഉണ്ടായിരിക്കും.
എട്ട് മണിക്കൂർ ജോലി ചെയ്യുന്നവർക്ക് 715 രൂപയും കളക്‌ഷൻ ബാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. അധികമണിക്കൂറിന് 130 രൂപയാണ് പ്രതിഫലം. അതേസമയം, സ്വിഫ്റ്റിൽ മാസം അരലക്ഷത്തിനുമേൽ ശമ്പളം വാങ്ങുന്ന ഡ്രൈവർമാരുണ്ട്. കെ എസ് ആർ ടി സിയിലെ സാമ്പത്തികപ്രതിസന്ധി സ്വിഫ്റ്റിലെ ശമ്പളവിതരണത്തെ ബാധിച്ചിട്ടില്ല.
സ്വിഫ്റ്റിനുള്ള 111 സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ നിർമാണം ആരംഭിച്ചു. ഇവ രണ്ടുമാസത്തിനുള്ളിൽ എത്തും. കെ.എസ്.ആർ.ടി.സി.യുടെ പഴയ ദീർഘദൂര ബസുകൾക്കുപകരം ഇവ വിന്യസിക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ രണ്ടാംബാച്ചിലെ 20 ഇലക്‌ട്രിക് ബസുകളും ഉടനെയെത്തും.......
https://www.facebook.com/Malayalivartha